അമേരിക്ക-ഇറാന്‍ നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു
ന്യൂയോര്‍ക്ക്|
WEBDUNIA|
Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (10:36 IST)
PRO
അമേരിക്ക-ഇറാന്‍ നയതന്ത്ര ചര്‍ച്ചകള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം പുനരാരംഭിക്കുന്നു. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇറാന്‍ വിദേശമന്ത്രി മൊഹമ്മദ് ജാവാദ് സരീഫും വ്യാഴാഴ്ച ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തും.
ആണവായുധ വികസനത്തിന്റെ പേരില്‍ ഇറാനെതിരെ അന്താരാഷ്ട്ര ഉപരോധമുണ്ട്. ഇതൊഴിവാക്കിക്കിട്ടുകയാണ് ഇറാന്റെ ഉദ്ദേശ്യം. തങ്ങള്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന് റൂഹാനി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയില്‍ വിദ്യാഭ്യാസം ചെയ്ത സരീഫ് പൊതുവെ അന്താരാഷ്ട്രരംഗത്ത് സ്വീകാര്യനാണ്. രാജ്യത്തെ ജനങ്ങളുടെ അവകാശം സംരക്ഷിക്കാനും ഉപരോധം ഒഴിവാക്കാനും ഒത്തുതീര്‍പ്പിലെത്താനുള്ള ചരിത്രസന്ദര്‍ഭമാണ് മുന്നിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, ജര്‍മനി, റഷ്യ എന്നീ രാജ്യങ്ങളുടെ വിദേശമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. യു.എന്‍. പൊതുസഭയ്ക്കിടെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്ന് വൈറ്റ്ഹൗസും അറിയിച്ചു.