അഭിറാം മനോഹർ|
Last Modified വെള്ളി, 5 ഡിസംബര്‍ 2025 (10:51 IST)
തൊഴില്‍ വിസയായ എച്ച് 1 ബിക്ക് അപേക്ഷിക്കുന്നവരും എച്ച് 4 വിസയ്ക്ക് അപേക്ഷിക്കുന്ന അവരുടെ ആശ്രിതരും സമൂഹമാധ്യമങ്ങളില്‍ അക്കയ്ണ്ടുകള്‍ പരസ്യമാക്കണമെന്ന് യുഎസ് സര്‍ക്കാര്‍. അപേക്ഷകരുടെ സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകള്‍ അവലോകനം ചെയ്യുന്നതിനായാണിത്. ഈ മാസം 15 മുതല്‍ ഇക്കാര്യത്തില്‍ നിരീക്ഷണമുണ്ടാകുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് ബുധനാഴ്ച ഇറക്കിയ ഉത്തരവില്‍ പറയുന്നു.
വിദ്യാര്‍ഥികള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക- വിദ്യഭ്യാസ വിനിമയത്തിന്റെ ഭാഗമായി യുഎസിലെത്തുന്നവര്‍ എന്നിവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ അവലോകനം നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. ഇത് എച്ച് 1 ബി, എച്ച് 4 എന്നിവയ്ക്ക് കൂടി ബാധകമാക്കുകയാണ് ചെയ്തിരിക്കുന്നത്.
യു എസ് വിസ എന്നത് സവിശേഷമായ ആനുകൂല്യമാണ്, അവകാശമല്ലെന്നും രാജ്യത്തിനും ജനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നവരെ തിരിച്ചറിഞ്ഞ് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ വിവരങ്ങളും ഉപയോഗിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
യുഎസിലെ ഐടി കമ്പനികള്‍ വിദേശത്ത് നിന്ന് വിദഗ്ധരെ നിശ്ചിതകാലത്തേക്ക് ജോലിക്കെത്തിക്കുന്നതിന് ഉപയോഗിക്കുന്ന വിസയാണ് എച്ച് 1 ബി. ഇന്ത്യക്കാര്‍ കാര്യമായി ഉപയോഗപ്പെടുത്തുന്ന വിസയാണിത്.