അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (15:39 IST)
വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസയായ എച്ച് 1 ബി വിസയുടെ ഫീസ് 88 ലക്ഷമാക്കി ഉയര്‍ത്തിയ സാഹചര്യത്തില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകളെ ആകര്‍ഷിക്കാനൊരുങ്ങി ബ്രിട്ടനും ചൈനയും. ലോകത്തെ മികച്ച ശാസ്ത്രജ്ഞര്‍, അക്കാദമിക്- ഡിജിറ്റല്‍ വിദഗ്ധര്‍ എന്നിവര്‍ക്കുള്ള വിസ ഫീസ് ഒഴിവാക്കാനാണ് ബിട്ടണ്‍ പദ്ധതിയിടുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തെ ഏറ്റവും മികച്ച 5 സര്‍വകലാശാലകളില്‍ പഠിച്ചവര്‍ക്കോ അല്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ മികവ് തെളിയിച്ചവരോ ആയിട്ടുള്ളവര്‍ക്ക് വിസ ഫീസ് ഒഴിവാക്കാനാണ് യുകെ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനമെടുക്കാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയൃ സ്റ്റാമര്‍ ആഗോള പ്രതിഭാ കര്‍മസേനയുണ്ടാക്കിയതായാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2020ലാണ് അന്താരാഷ്ട്ര തലത്തില്‍ മികവുള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി ബ്രിട്ടന്‍ ഗ്ലോബല്‍ ടാലന്റ് വിസ അവതരിപ്പിച്ചത്. 766 പൗണ്ട്(ഏകദേശം 91,000 രൂപ) ആണ് ഇതിന്റെ അപേക്ഷ ഫീസ്. ഇത് കൂടാതെ 1,035 പൗണ്ടിന്റെ(ഏകദേശം 1.23 ലക്ഷം രൂപ) യുടെ വാര്‍ഷിക ആരോഗ്യ സര്‍ച്ചാര്‍ജുമുണ്ട്. 2023 ജൂണ്‍ അവസാനം വരെ 3901 പേര്‍ ഈ വിസ നേടിയെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നു.