സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2025 (08:35 IST)
എച്ച് വണ്‍ ബി വിസ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത് പരിഗണിച്ച് അമേരിക്കന്‍ കമ്പനികള്‍. നിലവില്‍ ഇത്തരത്തില്‍ 1700ലധികം ജിസിസി കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോളതലത്തിലുള്ള പകുതിയോളം വരും ഇത്. കാറുകളുടെ രൂപകല്‍പ്പന മുതല്‍ മരുന്നുകളുടെ കണ്ടെത്തല്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. എച്ച് വണ്‍ ബി വിസയുടെ നിയന്ത്രണം ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തന ഹബ്ബായി ഇന്ത്യയെ മാറ്റുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
എച്ച്1 ബി വിസയുടെ ഫീസ് നിലവില്‍ 5000 ഡോളറില്‍ നിന്ന് ഒരു ലക്ഷം ഡോളര്‍ ആക്കിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയത്. അമേരിക്കയില്‍ വിദേശികളുടെ വരവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. അതേസമയം സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ അമേരിക്കന്‍ കമ്പനികള്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. ഇത് സാധ്യമായില്ലെങ്കില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് നീക്കം.
അതേസമയം ഔദ്യോഗികമായി കമ്പനികള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍ പോലുള്ള വന്‍കിട കമ്പനികളാണ് കൂടുതല്‍ എച്ച്1 ബി നിയമനം നടത്തിയിട്ടുള്ളത്. ഇവര്‍ക്ക് നിലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ഉണ്ട്.