ട്യുണീസിയയില്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം, എട്ടുപേര്‍ കൊല്ലപ്പെട്ടു

ടുണിസ്| vishnu| Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (19:51 IST)
ട്യുണീസിയയിലെ പാര്‍ലമെന്റ് സമുച്ചയത്തില്‍ ഭീകരാക്രമണം. പാര്‍ലമെന്റ് സമുച്ചയത്തിലുള്ള ബാര്‍ദോ മ്യൂസിയത്തിലാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. പാര്‍ലമെന്റില്‍ ഭീകരവാദ വിരുദ്ധ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുമ്പോഴായിരുന്നു ആക്രമണം. സൈനികരുടെ വേഷത്തിലെത്തിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

അതിക്രമിച്ച് കടന്ന ഭീകരര്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് വെടിവയ്പ്പ് നടത്തുകയായിരുന്നു. മ്യൂസിയത്തിലുണ്ടായ വെടിവയ്പ്പില്‍ എട്ട് വിദേശ വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ആയുധധാരികളായ ഭീകരര്‍ നിരവധിപേരെ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘത്തെയാണ് ബന്ദിയാക്കിയിരിക്കുന്നത്.

ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ട്യുണീസിയന്‍ സുരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. ഭീകരാക്രമണവാര്‍ത്ത ട്യുണീ‍സ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരാക്രമണത്തേ തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങള് സുരക്ഷാ സേന ഒഴിപ്പിച്ചു.
രണ്ടു ഭീകരര്‍ മ്യൂസിയത്തിനകത്തുള്ളതായി പൊലീസ് പറയുന്നു. എന്നാല്‍ എത്ര ഭീകരരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :