ന്യൂഡല്‍ഹി|
vishnu|
Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (12:20 IST)
വിവാദമായ ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കേദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരാന്‍ നീക്കം തുടങ്ങി. കര്‍ഷക വിരുദ്ധമെന്ന പേരില്‍ പ്രതിപക്ഷവും ഭരണപക്ഷത്തെ സഖ്യകക്ഷികളും എതിര്‍പ്പുയര്‍ത്തിയതൊടെയാണ് തന്ത്രപൂര്‍വമായ പിന്മാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കംതുടങ്ങിയത്. ഭേദഗതി ബില്ലില്‍ ഇന്നാണു വോട്ടെടുപ്പ്. ഈ പശ്ചാത്തലത്തിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം.
റയില്‍ ഇടനാഴിക്കായി ഒരു കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കുക, ജില്ലാതലത്തില്‍ പരാതിപരിഹാര സെല്‍, ആവശ്യമുള്ളത്ര ഭൂമി ചുരുങ്ങിയ തോതില്‍ ഏറ്റെടുക്കുക, ഭൂമി നല്‍കുന്ന കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുക തുടങ്ങിഒന്‍പതു മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. നേരത്തെ, അടിസ്ഥാന സൌകര്യം, പ്രതിരോധം, ഭവനനിര്‍മാണം, വ്യവസായ ഇടനാഴി, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ എന്നിവയെ കര്‍ക്കശ നിബന്ധനകളില്‍ നിന്നൊഴിവാക്കിക്കൊണ്ടാണ് ഭൂനിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.
ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരാന്‍ നിര്‍ബന്ധിതരായത്. ലോക്സഭയില്‍ ഭൂരിപക്ഷമുപയോഗിച്ച് ബില്‍ പാസാക്കാമെങ്കിലും രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ സഹകരണം ഇല്ലാതെ ബില്‍ പാസാക്കാനാകില്ല. ഇതിനാലാണ് ഭേദഗതികള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുന്നത്. ഇതിനിടെ, ഭേദഗതിയെച്ചൊല്ലി ബിജെപിയിലുള്ള ഉള്‍പ്പോരു മുതലെടുക്കുന്നതിനു മനസ്സാക്ഷി വോട്ടിനു വേണ്ടിയുള്ള ആഹ്വാനവും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും മുന്നോട്ടുവച്ചിരുന്നു. ഇത് മുന്‍കൂട്ടികണ്ട് പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ പിന്നോക്കം പോകുന്നത്.