കറാച്ചി|
VISHNU|
Last Modified വെള്ളി, 29 മെയ് 2015 (11:51 IST)
പാകിസ്‌ഥാനിലെ ന്യൂനപക്ഷ സമുദായമായ ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുന്നതാണ്. മതനിന്ദാ കുറ്റം ചുമത്തി പലപ്പോഴും ക്രിസ്ത്യാനികളെ കൂട്ടമായി ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്നത് പാകിസ്ഥാനില്‍ പലപ്പോഴും സംഭവിക്കുന്നതുമാണ്. പാകിസ്‌ഥാനി ജനസംഖ്യയുടെ 1.6 ശതമാനം മാത്രമുള്ള ക്രിസ്‌ത്യാനികള്‍ വ്യാപകമായി അക്രമത്തിനിരയാകുന്നുണ്ട്. ഇപ്പോള്‍ തങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കറാച്ചിയില്‍ കൂറ്റന്‍ ബുള്ളറ്റ്പ്രൂഫ് കുരിശ് നിര്‍മ്മിക്കാനൊരുങ്ങുകയാണ് വിശ്വാസികള്‍.
പാകിസ്‌ഥാനിലെ ക്രിസ്‌ത്യാനികളെ ദൈവം സംരക്ഷിക്കട്ടെ എന്ന ആശയം ഉയര്‍ത്തി കറാച്ചിയിലെ ബിസിനസുകാരനും പണക്കാരനുമായ പര്‍വേസ് ഹെന്റി ഗില്‍ ആണ് കുരിശ് നിര്‍മ്മിക്കാനുള്ള ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. പാകിസ്‌ഥാനി ക്രിസ്‌ത്യാനികളെ രക്ഷിക്കാന്‍ കുരിശ് നിര്‍മ്മിക്കണമെന്ന് ദൈവം സ്വപ്‌നദര്‍ശനം നല്‍കിയെന്നും കുരിശ് കാണുമ്പോള്‍ തന്നെ ക്രിസ്‌ത്യാനികള്‍ക്ക് നില്‍ക്കാന്‍ തോന്നുമെന്നുമാണ് ഇദ്ദേഹം പറയുന്നത്.
പാകിസ്‌ഥാനിലെ 90 ശതമാനം ക്രിസ്‌ത്യാനികളും താമസിക്കുന്ന കറാച്ചിയിലാണ് 58 കാരനായ ഗില്ലും താമസിക്കുന്നത്. 14 നിലയോളം വരുന്ന കുരിശിന്റെ പണി കഴിഞ്ഞ വര്‍ഷമാണ് ഗില്‍ ആരംഭിച്ചത്. കുരിശ് പണിയുന്നതിനായി ടണ്‍ കണക്കിന് ഇരുമ്പ്, സിമന്റ് എന്നിവയാണ് ഇറക്കിയിരിക്കുന്നത്. 20 അടി പീഠത്തിലാണ് കുരിശ് വെയ്‌ക്കുക.
പാകിസ്‌ഥാനില്‍ ഷരിയ രാജ്യം സ്‌ഥാപിക്കാന്‍ ആഗ്രഹിക്കുന്ന താലിബാന്‍ മാര്‍ച്ചില്‍ ക്രിസ്‌ത്യന്‍ പള്ളികളും ക്രിസ്‌ത്യാനികളുടെ വീടുകളും തകര്‍ത്തിരുന്നു. ലാഹോറിലെ ക്രിസ്‌തീയ സമൂഹത്തിന് ഇടയില്‍ ചാവേര്‍ ആക്രമണം നടത്തിയ താലിബാന്‍ 14 പേരെ കൊന്നൊടുക്കിയിരുന്നു. 78 പേര്‍ക്കാണ് ഈ ആക്രമണത്തില്‍ പരിക്കേറ്റത്.