ദാവൂദ് ഇപ്പോഴും ഐ‌എസ്‌ഐയുടെ തണലില്‍, ഇന്ത്യയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 25 മെയ് 2015 (13:40 IST)
രാജ്യം വര്‍ഷങ്ങളായി തേടിക്കൊണ്ടിരിക്കുന്ന കൊടും‌കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക് ചാരസംഘടനയായ ഐഎസ്‌എയുടെ തണലില്‍ തന്നെയുണ്ടെന്ന നിര്‍ണായക വിവരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചു. ദാവൂദിന്റെ ചില ടെലിഫോണ്‍ കോളുകള്‍ ചോര്‍ത്തിയാണ്‌ തങ്ങള്‍ തേടുന്ന ഏറ്റവും വലിയ ക്രിമിനലുകളില്‍ ഒരാള്‍ ഐഎസ്‌ഐ യുടെ സംരക്ഷണയില്‍ പാകിസ്‌ഥാനില്‍ തന്നെയുണ്ടെന്ന്‌ സ്‌ഥിരീകരിച്ചിരിക്കുന്നത്‌.

ദാവൂദിന്റെ ബിസിനസുകള്‍ക്കെതിരേ ശക്‌തമായ നടപടി എടുക്കാന്‍ മോഡി സര്‍ക്കാര്‍ എന്‍ഫോഴ്‌സ്മെന്റ്‌, ഐബി, റോ തുടങ്ങിയ സംവിധാനങ്ങള്‍ക്കെല്ലാം കര്‍ശന നിര്‍ദേശം നല്‍കിയതിന്‌ പിന്നാലെയാണ്‌ ദാവൂദിന്റെ ടെലിഫോണ്‍ കോളുകള്‍ ചോര്‍ത്തിയത്‌. നാലു മാസം മുമ്പ്‌ ദാവൂദ്‌ ദുബായിലെ തന്റെ അനുയായി ജാവേദിനെ വിളിച്ചതെന്ന്‌ കരുതുന്ന മൂന്ന്‌ ഫോണ്‍കോളുകള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്.

ദാവൂദിന്റെ ദുബായിലെയും ഇന്ത്യയിലെയും ബിസിനസ്‌ നോക്കി നടത്തുന്നയാളാണ്‌ ജാവേദ്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ പാകിസ്‌ഥാനില്‍ നിന്നും ഏതാനും കോളുകള്‍ ജാവേദിന്‌ ചെന്നിരുന്നു. ദാവൂദിന്റെ റീയല്‍ എസ്‌റ്റേറ്റ്‌, മയക്കുമരുന്ന്‌, മനുഷ്യക്കടത്ത്‌, ക്രിക്കറ്റ്‌ ബെറ്റിംഗ്‌ ഒത്തുകളി, ഹവാലാ ബിസിനസുകള്‍ മാനേജ്‌ ചെയ്യുന്നത്‌ ജാവേദാണ്‌. ഈ കോളുകളില്‍ ബിസിനസ്‌ കാര്യങ്ങള്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ജാവേദിന്‌ പുറമേ താരിഖ്‌ എന്നൊരാളുമായും ദാവൂദ്‌ സംസാരിക്കാറുണ്ടെന്നും ഇന്റലിജന്റ്‌സ് വൃത്തങ്ങള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :