Tehran|
രേണുക വേണു|
Last Modified ചൊവ്വ, 17 ജൂണ്‍ 2025 (09:46 IST)
Israel vs Iran Conflict Live Updates: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ സ്ഥിതി രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് തെഹ്‌റാനിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ ശ്രമിക്കുകയാണ്. ഒരു കോടി മനുഷ്യരാണ് തെഹ്‌റാനില്‍ തിങ്ങിപാര്‍ക്കുന്നത്. അതുകൊണ്ട് തന്നെ കൂട്ടപലായനം തെഹ്‌റാനിലെ റോഡുകളില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ കാരണമായി.
നിരവധി പേര്‍ തെഹ്‌റാന്‍ വിടാന്‍ ശ്രമിക്കുന്നതിനാല്‍ സ്ഥിതി സങ്കീര്‍ണമായിരിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണയായി മൂന്ന് മണിക്കൂര്‍ എടുക്കേണ്ട യാത്ര 14 മണിക്കൂര്‍ എടുത്താണ് ഒരു കുടുംബം തെഹ്‌റാന്‍ വിട്ടത്. തെഹ്‌റാന്‍ നഗരത്തില്‍ വാഹനങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ സ്ഥിതി തുടരുന്നു. മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കിടന്നുവേണം തെഹ്‌റാന്‍ കടക്കാന്‍.
ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ചിലര്‍ തെഹ്‌റാന്‍ വിടാനുള്ള തീരുമാനം ഉപേക്ഷിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തെഹ്‌റാനിലെ ജനങ്ങള്‍ക്കു അതിവേഗം സുരക്ഷിത സ്ഥലങ്ങളിലേക്കു മാറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആളുകളുടെ തിക്കും തിരക്കും രൂക്ഷമായത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തെഹ്‌റാനിലെ അമേരിക്കന്‍ പൗരന്‍മാരോടു സുരക്ഷിത താവളങ്ങളിലേക്കു മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രയേല്‍ പ്രകോപനത്തിനു ശക്തമായ ഭാഷയില്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇറാനിലെ ഒരു ടെലിവിഷന്‍ ചാനലില്‍ പൊട്ടിത്തെറിയുണ്ടായി. അതിനു പിന്നാലെയാണ് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ മണ്ണില്‍ ഏറ്റവും തീവ്രമായ മിസൈല്‍ ആക്രമണത്തിനായി തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ദക്ഷിണ ഗാസ മുനമ്പില്‍ ഇറാന്റെ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.