ബഗ്രാം വ്യോമത്താവളത്തിനായി യുദ്ധത്തിനും തയ്യാറെന്ന് താലിബാൻ, യുഎസിനെ സഹായിക്കരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്

Taliban
Reprentative image
അഭിറാം മനോഹർ| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (17:40 IST)
ബഗ്രാം വ്യോമത്താവളം തിരിച്ചുപിടിക്കാനായി അമേരിക്കന്‍ ശ്രമമുണ്ടായാല്‍ മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്ന് താലിബാന്‍. കാണ്ഡഹാറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ യുഎസ് ശ്രമങ്ങളുമായി പാകിസ്ഥാന്‍ സഹകരിച്ചാല്‍ പാകിസ്ഥാനുമായി നേരിട്ട് ഏറ്റുമുട്ടുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.

ഇറാന്‍, ചൈന എന്നീ എതിരാളികളെ നിരീക്ഷിക്കാനും സൈനികമായി മേഖലയില്‍ ആധിപത്യം പുലര്‍ത്താനും ലക്ഷ്യമിട്ടാണ് ബഗ്രാം വ്യോമത്താവളം അഫ്ഗാനില്‍ നിന്നും തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച സൂചന കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരുന്നു. താലിബാന്‍ വഴങ്ങിയില്ലെങ്കില്‍ മോശം കാര്യങ്ങള്‍ സംഭവിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് താലിബാന്‍ ഉന്നത ഉദ്യോഗസ്ഥരെയും രഹസ്യാന്വേഷണ മേധാവിമാരെയും ഉലമ കൗണ്‍സിലിനെയും ഉള്‍പ്പെടുത്തി രഹസ്യയോഗം വിളിച്ചത്.

ബഗ്രാം വ്യോമത്താവളം അമേരിക്കയ്ക്ക് കൈമാറണമെന്ന നിര്‍ദേശത്തെ താലിബാന്‍ നേതൃത്വം പൂര്‍ണമായും തള്ളി. അക്രമിക്കപ്പെട്ടാല്‍ യുദ്ധത്തിന് പൂര്‍ണമായും തയ്യാറെടുക്കുമെന്നാണ് താലിബാന്‍ വ്യക്തമാക്കിയത്. സൈനികമായോ നയതന്ത്രപരമായ അമേരിക്കയെ പാകിസ്ഥാന്‍ സഹായിക്കുകയാണെങ്കില്‍ ശത്രുരാജ്യമായി കണക്കാക്കുമെന്നും താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :