‘തലയില്‍ വെള്ളം കമഴ്ത്തരുത്‘; യു‌എസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര ടെലിഗ്രാം

വാഷിങ്ടണ്‍| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (11:42 IST)
തലയില്‍ ഐസ് വെള്ളം കമഴ്ത്തുന്ന പരിപാടിക്കു പോകരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. ഇത് സംബന്ധിച്ച് തങ്ങളുടെ അംബാസഡര്‍മാര്‍ക്കും വിദേശകാര്യ വകുപ്പിലെ മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഡിപ്പാര്‍ട്ട്മെന്റ് ആഭ്യന്തര ടെലിഗ്രാം അയച്ചു. മുന്‍ പ്രസിഡന്റുമാരടക്കം യുഎസിലെ പ്രമുഖ വ്യക്തികളും ഐസ് ബക്കറ്റ് ചലഞ്ചില്‍ പങ്കെടുത്തിരുന്നു. ലോകമെങ്ങും ഈ വെല്ലുവിളി തരംഗമാവുകയും ചെയ്തു. എന്നാല്‍, വെല്ലുവിളി നിരാകരിച്ച യുഎസ് പ്രസിഡന്റ് എഎല്‍എസ് സംഘടനയ്ക്ക് പണം സംഭാവന ചെയ്തു.

അമിട്രോഫിക് ലാറ്ററല്‍ സ്കിറോസിസ് എന്ന രോഗത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം ഉണ്ടാക്കുന്നതിനും ഇതിനെതിരെ പോരാടാന്‍ ഫണ്ട് ശേഖരിക്കാനുമായിട്ടാണ് ഐസ് ബക്കറ്റ് ചലഞ്ച് ആരംഭിച്ചത്. ഐസ് കട്ട നിറച്ച ഒരു ബക്കറ്റ് വെള്ളം തലയിലൂടെ ഒഴിക്കുക എന്നതാണ് പരിപാടി. ഒന്നുകില്‍ വെല്ലുവിളി സ്വീകരിക്കുക, അല്ലെങ്കില്‍ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ഫണ്ടിലേക്ക് 100 ഡോളര്‍ സംഭാവന ചെയ്യുക. അല്ലെങ്കില്‍ രണ്ടും കൂടി ചെയ്യുക- ഇതാണ് ഐസ് ബക്കറ്റ് ചലഞ്ച്.

ഇതുവരെ ഈ ഫണ്ടിലേക്ക് 100,000 ഡോളര്‍ സമാഹരിച്ചു‍. അതേസമയം, ഐസ് ബക്കറ്റ് ചലഞ്ച് ക്യാംപെയ്ന്‍ ഉപജ്ഞാതാവ് കോറി ഗ്രിഫിന്‍ എന്ന 27 കാരന്‍ പൂള്‍ ഡൈവിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കഴിഞ്ഞ ദിവസം മരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :