സിറിയ|
VISHNU N L|
Last Modified വെള്ളി, 20 നവംബര്‍ 2015 (16:22 IST)
റഷ്യയും ഫ്രാന്‍സും പ്രതികാര നടപടികള്‍ കടുപ്പിച്ചതൊടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പരക്കം പാഞ്ഞുതുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഐഎസിന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ത്ത് ഭീകരരെ തളര്‍ത്താനുള്ള ഇരു രാജ്യങ്ങളുടെയും സൈനിക നടപടി ഫലം കണ്ടുതുടങ്ങിയതായാണ് വിവരം. ഐസിസിന്റെ നിയന്ത്രണത്തിലുള്ള എണ്ണപ്പാടങ്ങളും ടാങ്കറുകളും തകർത്ത് ഭീകരസംഘടനയുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുകയാണ് ഇരുവരും ചെയ്തുകൊണ്ടിരിക്കുന്നത്.
ചൊവ്വാഴ്ച മാത്രം റഷ്യൻ സേന 206 കേന്ദ്രങ്ങൾ തകർത്തപ്പോൾ, ഫ്രാൻസ് 35 ഐസിസ് കേന്ദ്രങ്ങളിലും ബോംബാക്രമണം നടത്തി.ഐസിസിന്റെ എല്ലാ സ്രോതസ്സുകളും ഇല്ലാതാക്കുകയെന്ന തന്ത്രമാണ്
റഷ്യ പയറ്റുന്നത്. റഷ്യയുടെയും ഫ്രാൻസിന്റെയും സൈന്യം യോജിച്ചാണ് ഇപ്പോൾ ഭീകരവേട്ട നടത്തുന്നത്
ഐസിസിന്റെ പ്രധാന വരുമാനമാർഗം എണ്ണയുത്പാദനമാണ്. എണ്ണയുത്പാദനത്തിലൂടെ ഇപ്പോഴും പ്രതിവർഷം 320 മില്യൺ പൗണ്ട് ഐസിസ് നേടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് തകര്‍ക്കുക എന്നതിനാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനകം 500-ഓളം എണ്ണ ടാങ്കറുകൾ തകർത്തതായി റഷ്യൻ വ്യോമസേന അവകാശപ്പെട്ടു. സിറിയയിലെയും ഇറാഖിലെയും ഐസിസിന്റെ റിഫൈനറികളിലേക്കുള്ള ഗതാഗതവും ഏറെക്കുറെ തടയാനായിട്ടുണ്ട്.
എണ്ണവില്‍ക്കാന്‍ കഴിയാതെ വരുന്നതൊടെ മുഖ്യവരുമാന സ്രോതസ്സ് അടയുന്നത് ഐഎസിന്റെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നാണ് കരുതുന്നത്. ഐസിസിന്റെ ആയുധകേന്ദ്രങ്ങളും ബാരക്കുകളും എണ്ണപ്പാടങ്ങളും റഖയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളുമാണ് മിസൈൽ ആക്രമണത്തിലൂടെ തകര്‍ത്ത് അവരെ ആശയക്കുഴപ്പത്തിലാക്കും. ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഭീകരര്‍ ചിന്നിച്ചിതറാന്‍ ഇടയാക്കും.
ഒരു സ്ഥലത്ത് തന്നെ കൂടുതല്‍ ആളുകള്‍ക്ക് ആക്രമണം നടത്താന്‍ കഴിയാതെ വരുന്നതൊടെ ഭീകരവിരുദ്ധ മുന്നേറ്റം നടത്തുന്ന സിറിയന്‍ കരസേനയ്ക്കും കുര്‍ദ് പോരാളികള്‍ക്കും കൂടുതല്‍ ആക്രമണം നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സിറിയൻ പ്രസിഡന്റ് ആസാദിനോടുള്ള സൗഹൃദത്തിന്റെ കാര്യത്തിൽ രണ്ടുതട്ടിലാണെങ്കിലും ഐസിസിനെതിരായ പോരാട്ടത്തിൽ യോജിച്ചുനിൽക്കാനാണ് റഷ്യയുടെയും ഫ്രാൻസിന്റെയും തീരുമാനം.
റഷ്യയുടെ യാത്രാവിമാനം ഈജിപ്തിൽ തകരാനിടയായത് ഐസിസ് നടത്തിയ സ്‌ഫോടനത്തിലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വ്ലാദിമർ പുടിൻ ഭീകരവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തിയത്. പാരീസില്‍ 129പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമാണ് ഫ്രാന്‍സിനെ സിറിയന്‍ പോരാട്ടത്തിലേക്ക് എത്തിച്ചത്.