ജനീവ|
VISHNU N L|
Last Modified വെള്ളി, 20 നവംബര്‍ 2015 (14:01 IST)
ലോകം രണ്ട് ലോകയുദ്ധങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഒന്നാം ലോകയുദ്ധം ഫാസിസ്റ്റുകളുടെ ഉദയത്തിനു വഴിതെളിച്ചെങ്കില്‍ രണ്ടാം ലോകയുദ്ധാനന്തരം ലോകത്ത് ഉദയം ചെയ്തത് മത തീവ്രവാദികളായിരുന്നു. എന്നാല്‍ അധികം എങ്ങും വളരാതെ ലോകത്തിന്റെ പല മൂലകളില്‍ മാത്രം വിഹരിച്ചിരുന്ന തീവ്രവാദം ഇന്ന് മാനവരാശിയുടെ ഭാവിയെ തന്നെ വെല്ലുവിളിക്കാന്‍ തുടങ്ങിയതോടെ മുന്നാം ലോക മഹായുദ്ധത്തിന് അരങ്ങൊരുങ്ങിയിരിക്കുകയാണ്.
ലോക സമാധാനത്തിനു തന്നെ വൻ വിഘാതം സൃഷ്ടിച്ചു കൊടും ഭീഷണിയായി മാറിക്കഴിഞ്ഞ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ ഉൻമൂലനം ചെയ്യാൻ ലോക രാജ്യങ്ങൾ കൈകോർക്കുന്നതായാണ് വിവരം. ഭീകരതയുടെ പര്യായമായ ഇവരെ തുടച്ചുനീക്കാന്‍ യുഎന്‍ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളും തയ്യാറെടുക്കുന്നതായി രാജ്യാന്തര മാധ്യമമായ ദി ഇൻഡിപന്‍ഡന്റ് റിപ്പോർട്ട് ചെയ്യുന്നു.
രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഭീകരതയുടെ ഇരകളായതൊടെയാണ് പൊതുയുദ്ധം പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ഐഎസ് ക്രൂരതയുടെ അവസാന ഇരയായ ഫ്രാൻസാണ് ഐഎസിനെതിരെ പൊതുയുദ്ധം പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം കൊണ്ടുവരുന്നതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
ഇതിനുപുറമെ, തങ്ങളുടെ ആക്രമണ പദ്ധതികൾക്കു മൂർച്ച കൂട്ടാൻ ഐഎസ് ഭീകരർ രാസായുധങ്ങളും സ്വരുക്കൂട്ടുന്നുവെന്ന യുഎസ്‍ ഇന്റലിജൻസിന്റെയും ഇറാഖി ഇന്റലിജൻസിന്റെയും മുന്നറിയിപ്പും നടപടികൾ വേഗത്തിലാക്കാൻ യുഎൻ രക്ഷാസമിതിയെ പ്രേരിപ്പിക്കുന്നു.
ഐഎസുമായി ബന്ധപ്പെട്ട വിഷയമായതിനാൽ റഷ്യയും ചൈനയും പ്രമേയത്തെ പിന്താങ്ങുമെന്നാണു പ്രതീക്ഷ. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ പൊതുശത്രുക്കളായി പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് പ്രമേയത്തിന്റെ രത്നച്ചുരുക്കം.
പ്രമേയം പാസാക്കുന്നതിനുള്ള നീക്കങ്ങൾക്കു നേതൃത്വം നൽകുക ബ്രിട്ടനായിരിക്കും. യുഎൻ രക്ഷാസമിതിയിലെ റൊട്ടേഷൻ സമ്പ്രദായമനുസരിച്ചു നിലവിൽ സമിതിയുടെ അധ്യക്ഷ പദവി ബ്രിട്ടന്റെ കൈവശമാണ്. സ്വയം പ്രതിരോധത്തിന് യുഎൻ ചാർട്ടർ നൽകുന്ന അനുമതിക്ക് അനുസൃതമായിരിക്കും ഐഎസിനെതിരായ ആക്രമണപദ്ധതി തയാറാക്കുക.
129 പേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ വെള്ളിയാഴ്ചയിലെ പാരിസ് ഭീകരാക്രമണവും കഴിഞ്ഞ മാസം ഈജിപ്തിൽ വച്ച് റഷ്യൻ വിമാനം ഐഎസ് ഭീകരർ തകർത്തതുമാണ് അവർക്കെതിരെ പൊതുയുദ്ധം പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കാനുള്ള പ്രധാന കാരണങ്ങൾ.