ന്യൂയോര്‍ക്ക്|
jibin|
Last Updated:
വെള്ളി, 20 നവംബര്‍ 2015 (10:38 IST)
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ ഭീഷണി. കാർ ബോംബ് ആക്രമണവും ചാവേർ ആക്രമണവും നടത്തി വൈറ്റ്ഹൗസ് ചുട്ടെരിക്കും. പാരിസില്‍ നടത്തിയത് പോലുള്ള ആക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ആക്രമണങ്ങൾക്കു തങ്ങൾ പദ്ധതിയിടുന്നതായും ഐഎസ് പുറത്തുവിട്ട ഏറ്റവും പുതിയ വിഡിയോ ദൃശ്യത്തിലൂടെയുള്ള
സന്ദേശത്തിലുണ്ട്.
ആറു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോ ഇറാഖിൽ നിന്നുള്ള ഐഎസ് ഭീകരരുടെ പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്. പാരിസ് ബിഫോർ റോം എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന വിഡിയോ ആരംഭിക്കുന്നത് പാരിസിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളോടെയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദിനേയും അമേരിക്കന്‍ പ്രസിഡന്റ് ഒബാമയേയും കൊല്ലുമെന്നും ഭീഷണിയുണ്ട്. അതേസമയം, ഇത്തരത്തിലുള്ള ഒരു വീഡിയോയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസവും ഇത്തരത്തിലുള്ള ഐസിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ന്യൂയോര്‍ക്കും പ്രദേശങ്ങാളും ആക്രമിക്കുമെന്നാണ് ആ സന്ദേശത്തില്‍ ഭീകരര്‍ വ്യക്തമാക്കിയിരുന്നത്. ഇത്തരം ഭീഷണികളെ ഗൗരവത്തോടെയാണ് യുഎസ് സർക്കാർ കാണുന്നതെന്ന് യുഎസ് വക്താവ് ജോൺ കിർബിയും അറിയിച്ചു.