മോസ്കോ|
VISHNU N L|
Last Modified വെള്ളി, 20 നവംബര്‍ 2015 (13:19 IST)
ആളില്ലാ യുദ്ധവിമാനങ്ങളെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. വിദൂര നിയന്ത്രിത കേന്ദ്രങ്ങളില്‍ ഇരുന്ന് ശത്രുവിന്റെ കേന്ദ്രങ്ങളില്‍ കടന്നുകയറി നാശം വിതയ്ക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ അമേരിക്കയും റഷ്യയും ഇസ്രായേലുമാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.
നമ്മുടെ അയല്‍ക്കാരായ ചൈനയും പാകിസ്ഥാനും ഇപ്പോള്‍ സ്വന്തമായി ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. അതേപോലെ ആളില്ലാ അന്തര്‍വാഹിനികള്‍ വന്നാലോ?
എന്നാല്‍
റഷ്യ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന വിവരങ്ങള്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കുന്നതാണ്. പ്രത്യേകിച്ച് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളെ.
ഈ ലോകത്തെ തന്നെ വെറുമൊരു ബട്ടണിലൂടെ ഇല്ലാതാക്കാന്‍ പോന്ന ശേഷിയിലുള്ള വലിയൊരു ആയുധത്തിന്റെ നിര്‍മാണത്തിലാണ് റഷ്യ. പ്രതിരോധമേഖലയിലെ ഏറ്റവും വലിയ ആയുധമായ അണ്വായുധം വഹിക്കാൻ ശേഷിയുള്ള അത്യാധുനിക അന്തർവാഹിനിയാണ് റഷ്യ നിര്‍മ്മിക്കാന്‍ പോകുന്നത്.
ഈ അന്തര്‍വാഹിനിയില്‍ സൈനികര്‍ ആരും തന്നെ കാണില്ല. പകരം ന്യൂക്ലിയാർ ഊർജത്തിൽ പ്രവർത്തിക്കുന്ന പുതിയ അന്തർവാഹിനി ബോംബ് പൊട്ടുന്നതോടെ സ്വയം നശിക്കുന്നതാണ്. ലോകത്ത് എവിടെവേണമെങ്കിലും സമുദ്രത്തിനടിയില്‍ ശത്രുവിന്റെ കണ്ണ് വെട്ടിച്ച് വിന്യസിപ്പിക്കാമെന്നതും വര്‍ഷങ്ങളോളം ഒളിച്ചിരിക്കാനും ഈ അന്തര്‍വാഹിനികള്‍ക്ക് സാധിക്കും.
റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയുടെ പരിധി 10,000 കിലോമീറ്ററാണ്. 1,000 മീറ്റർ താഴ്ചയിലൂടെ നീങ്ങാൻ കഴിയുന്ന ഈ അപകടകാരിയെ കണ്ടെത്താൻ നിലവിൽ സംവിധാനമില്ലെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഡാറിനു സമാനമായ സംവിധാനമായ സോണാർസിനു ഈ അന്തർവാഹിനിയെ കണ്ടുപിടിക്കാനാവില്ല.
മോസ്കോയിലിരുന്ന് റിമോട്ടിൽ ഒന്നോ രണ്ടോ ക്ലിക്ക് ചെയ്താൽ ന്യൂക്ലിയാർ ബോംബും അന്തർവാഹിനിയും പ്രവർത്തിച്ചു തുടങ്ങും. പിന്നെ സ്ഫോടനം നടക്കേണ്ട സമയമാകുമ്പോള്‍ സ്വയം പൊട്ടിത്തെറിക്കും. പിന്നീടുണ്ടാകുക വലിയ നാശമാകും. ആണവ സ്ഫോടനം കടലൈല്‍ ഉണ്ടാകുന്നതിനാല്‍ ഏത് രാജ്യത്താണോ അവിടെ വലിയ ഭൂകമ്പമാണ് ഉണ്ടാവുക. മാത്രമല്ല വലിയ സുനാമി തന്നെ ആ പ്രദേശത്ത് ആഞ്ഞടിക്കും.
ഒരു രാജ്യത്തെ മുഴുവന്‍ ആളുകളും നിമിഷങ്ങള്‍കൊണ്ട് തുടച്ചുനീക്കപ്പെടും. ലോകത്തെവിടെയും (വെള്ളത്തിനടിയിൽ) സൂക്ഷിക്കാൻ കഴിയുന്ന ഈ അപകടകാരിയെ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. അതാണ് ഇതിനെ ഏറ്റവും അപകടകാരിയാക്കുന്നത്.
നാറ്റോ സഖ്യത്തിലെ എല്ലാ രാജ്യങ്ങൾക്കും ഇപ്പോൾ ദീർഘദൂര ബാലസ്റ്റിക് മിസൈലുകളും അത് തകർക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ഇതിനാലാണ് റഷ്യ പുതിയ അന്തർവാഹിനികൾ നിർമിക്കാൻ പോകുന്നതെന്നാണ് കരുതുന്നത്. അതേസമയം, അമേരിക്ക പോലുള്ള വൻ ശക്തികളെ ഭയപ്പെടുത്താനുള്ള റഷ്യയുടെ തന്ത്രമാണിതെന്നും ചിലർ ആരോപിക്കുന്നു.