ന്യൂയോര്‍ക്ക്|
Last Modified ബുധന്‍, 5 നവംബര്‍ 2014 (12:10 IST)
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് തിരിച്ചടി. നൂറംഗ സെനറ്റില്‍ 52 സീറ്റുകള്‍ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉറപ്പിച്ചു. കൊളറാഡോ, മൊണ്ടാന, നോര്‍ത്ത് കരോലിന, സൗത്ത് ഡക്കോട്ട, വെസ്റ്റ് വിര്‍ജീനിയ എന്നിവിടങ്ങളിലെല്ലാം റിപ്പബ്ലിക്കുകാര്‍ വിജയിച്ചു. അലബാമ, ജോര്‍ജിയ, മിസിസിപ്പി, നെബ്രാസ്‌ക, ഒക്കലഹോമ, സൗത്ത് കരൊലിന, ടെന്നീസി എന്നീ സീറ്റുകള്‍ നിലനിര്‍ത്തി. മിച്ച് മക് കൊണല്‍ സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവാകും.
ഇന്ത്യന്‍ സമയം ഇന്നു 11 ഓടെയാണ് ചിലയിടങ്ങളില്‍ പോളിംഗ് അവസാനിച്ചത്.
ഏറ്റവുമൊടുവില്‍ വോട്ടെടുപ്പ് അവസാനിച്ചത് അലാസ്കയിലാണ്.
സെനറ്റിലെ 36 അംഗങ്ങള്‍, പ്രതിനിധി സഭയിലെ 435 അംഗങ്ങള്‍, 36 സംസ്ഥാന ഗവര്‍ണര്‍മാര്‍, പ്രാദേശിക ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരെയാണ് ഈ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒബാമയുടെ ജനപ്രീതി ഏറ്റവും കുറഞ്ഞ സമയമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കമായാണ് റിപ്പബ്ലിക്കുകള്‍ സെനറ്റ് തിരഞ്ഞെടുപ്പിനെ കാണുന്നത്. പ്രസിഡന്റ് ബരാക് ഒബാമയുടെ ജനപ്രീതി ഇടിഞ്ഞതു മൂലം ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.