വാഷിംഗ്ടണ്‍|
Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (09:57 IST)
യുഎസില്‍ ഒരാള്‍ക്കു കൂടി എബോള വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്ന് പ്രസിഡന്റ് ബരാക് ഒബാമ. രോഗസ്ഥിരീകരണത്തിനും മുന്‍കരുതലിനുമായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ രാജ്യാന്തര സമൂഹത്തോട് ഒബാമ നിര്‍ദേശിക്കുകയും ചെയ്തു.
യുഎസില്‍ എബോള രോഗം ബാധിച്ച് മരിച്ച തോമസ് ഐറിക് ഡങ്കനെ പരിചരിച്ച രണ്ട് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ശക്തമായ മുന്‍കരുതലെടുക്കണമെന്ന നിര്‍ദേശവുമായി പ്രസിഡന്റ് ഒബാമ രംഗത്തെത്തിയത്. ഇതുവരെ മൂന്ന് പേര്‍ക്കാണ് അമേരിക്കയില്‍ എബോള രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുമോ എന്ന ആശങ്ക നിലനില്‍ക്കവേ ആരോഗ്യരംഗത്തെ ഉന്നത ഉദ്യോഗസ്ഥരുമായി ഒബാമ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. കൂടാതെ ഡങ്കനൊപ്പം സഞ്ചരിച്ച 164 പേരെ കണ്ടെത്തി നിരീക്ഷിക്കാനും അമേരിക്ക തീരുമാനിച്ചു.
എല്ലാ വിമാനത്താവളങ്ങളിലും പ്രത്യേക ആരോഗ്യസുരക്ഷാ പരിശോധന നടത്തും. ഇതിനായി പ്രത്യേക രോഗപ്രതിരോധ സംഘത്തെ നിയോഗിച്ചു. ഒപ്പം രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലത്ത് 24 മണിക്കൂറിനകം ഈ പ്രത്യേക മെഡിക്കല്‍ സംഘം എത്തും. എബോള രോഗം പടര്‍ന്നുപിടിക്കുന്ന പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ രാജ്യാന്തര സമൂഹത്തോട് ഒബാമ ആവശ്യപ്പെട്ടു. എബോള രോഗത്തെ അതിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുള്ള മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.