അഭയാര്‍ഥികളെ വീതംവെച്ചെടുക്കാന്‍ ധാരണ; പറ്റില്ലെന്ന് ഹംഗറി

അഭയാര്‍ഥി പ്രവാഹം , യൂറോപ്യന്‍ യൂണിയന്‍ , ജര്‍മ്മനി , സിറിയ, ഇറാഖ്, ലിബിയ
ബ്രസല്‍സ്| jibin| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (08:51 IST)
സിറിയ, ഇറാഖ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികളെ യൂറോപ്യന്‍ രാജ്യങ്ങള്‍ വീതംവെച്ച് എടുക്കാന്‍ തീരുമാനമായി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ ബ്രസല്‍സില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് 28 രാജ്യങ്ങള്‍ക്കിടയിലായി ഒരു ലക്ഷത്തി ഇരുപതിനായിരം അഭയാര്‍ഥികളെ വിന്യസിക്കാന്‍ തീരുമാനമായത്.

അഭയാര്‍ഥികള്‍ കൂടുതല്‍ എത്തുന്ന ജര്‍മ്മനി 30,000 അഭയാര്‍ഥികളെ ഏറ്റെടുക്കാമെന്ന് വ്യക്തമാക്കിയപ്പോള്‍ 15,600 പേരെ ഇറ്റലിയും 50,400 പേരെ ഗ്രീസും 54,000 പേരെ ഹംഗറിയും ഏറ്റെടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഒരു വിഭാഗം അഭയാര്‍ഥികളെ ഏറ്റടുക്കാമെന്ന് ഫ്രാന്‍സും യോഗത്തില്‍ വ്യക്തമാക്കി.

അതേസമയം, അഭയാര്‍ഥികളെ ഏറ്റെടുക്കാനുള്ള പദ്ധതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സ്ലോവാക്യ, ഹംഗറി, പോളണ്ട്, ചെക് റിപബ്ളിക് തുടങ്ങിയ രാജ്യങ്ങള്‍ വ്യക്തമാക്കി. അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ഥികളെ തടയാന്‍ ഹംഗറി അടക്കമുള്ള രാജ്യങ്ങള്‍ ശ്രമിച്ചത് വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഹംഗറി, ക്രൊയേഷ്യ, ജര്‍മ്മനി, ഗ്രീസ്, സ്ലൊവീനിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തുടരുകയാണ്. പലയിടത്തും അഭയാര്‍ഥികളെ തടയാന്‍ ശ്രമിക്കുന്നത് സംഘര്‍ഷത്തിന് ഇടയാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :