ബർലിൻ|
jibin|
Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (15:57 IST)
സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ കൂട്ടമായി അഭയാർത്ഥികൾ എത്തിയതോടെ ഓസ്ട്രീയയ്‌ക്കൊപ്പം ജർമനിയിലും വീണ്ടും അഭയാർത്ഥികൾക്ക് നിയന്ത്രണം. ദിവസവും ആയിരക്കണക്കിനാളുകള്‍ എത്തിച്ചേരുന്നതിനാല്‍ അതിര്‍ത്തികളില്‍ കര്‍ശന സുരക്ഷയാണ് ജര്‍മ്മനി ഒരുക്കിയിരിക്കുന്നത്. ഷെൻഗൻ കരാർ അനുസരിച്ചുളള പരിശോധനകള്‍ നടത്തിയശേഷം മാത്രമാണ് അഭയാർത്ഥികളെ ജര്‍മ്മനി സ്വീകരിക്കുന്നത്.
പരിശോധനകൾക്കായി അതിർത്തിയിൽ 2100 പൊലീസുകാരെയാണ് ജര്‍മ്മനി നിയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെ വോളന്റിയർമാരെയും രംഗത്ത് ഇറക്കിയിട്ടുണ്ട്. ബവേറിയൻ അതിർത്തിയിൽ എല്ലാ ട്രെയിനുകളും ജർമൻ അധികൃതർ തടയുകയും പരിശേധന നടത്തുകയും ചെയ്യുന്നുണ്ട്. മതിയായ രേഖകളില്ലാതെ എത്തുന്നവരെ രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കേണ്ട എന്ന നിലപാടില്‍ തന്നെയാണ് ജര്‍മ്മനി. യൂറോപ്പിലേക്ക് എത്തുന്ന ഭൂരിഭാഗം അഭയാർത്ഥികളും ജര്‍മ്മനിയിലേക്ക് എത്തുന്നതിനോട് ജര്‍മ്മന്‍ സര്‍ക്കാരിനും എതിര്‍പ്പുണ്ട്. മുഴുവന്‍ ഭാരവും തങ്ങള്‍ ചുമക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഇതിൽ പങ്കാളികളാകണമെന്നും ജർമനി ഓർമിപ്പിക്കുന്നു.
അതിർത്തിയിലെ നിയന്ത്രണങ്ങൾ ഒന്നിനും പരിഹാരമാകില്ലെന്ന് തങ്ങൾക്കറിയാമെന്നും ജർമനി വ്യക്തമാക്കുന്നുണ്ട്.
കൂടുതൽ അഭയാർത്ഥികൾ യൂറോപ്പിലേക്ക് ഇനി വരരുതെന്ന് തങ്ങൾ ആഗ്രഹിക്കുന്നതായും ജർമനി വെളിപ്പെടുത്തുന്നു. എന്നാല്‍ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്തോഷമുണ്ടെന്നും ജർമനി വ്യക്തമാക്കി. പതിനായിരങ്ങളാണ് ഈയാഴ്ച മാത്രം ജർമനിയിലെത്തിയത്. ശനിയാഴ്ച മാത്രം 13,000 പേരാണ് മ്യൂണിക്കിൽ എത്തിയത്.