ഹംഗറി|
jibin|
Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (08:17 IST)
സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ കൂട്ടമായി അഭയാര്‍ഥികള്‍ എത്തിയതോടെ ഹംഗറിയും ഓസ്ട്രിയയും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ശക്തമായ അഭയാര്‍ഥി പ്രവാഹം തടയുന്നതിന്‍റെ ഭാഗമായി ഹംഗറി രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിയന്ത്രണം മറികടന്ന് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച പതിനായിരത്തിലേറെ അഭയാര്‍ഥികളെ ഹംഗേറിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ അര്‍ധരാത്രി മുതലാണ് ഓസ്ട്രിയന്‍ അതിര്‍ത്തികളില്‍ അഭയാര്‍ഥി പ്രവാഹം തടയുന്നതിനായുള്ള കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. പുതിയ അഭയാര്‍ഥി നിയമവും രാജ്യത്ത് നിലവില്‍ വന്നിട്ടുണ്ട്. അനുമതി കൂടാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ അറസ്‌റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. രണ്ടുലക്ഷം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി ഹംഗറിയില്‍ എത്തിച്ചേര്‍ന്നത്. തങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ തന്നെ രാജ്യത്ത് എത്തിച്ചേര്‍ന്നുവെന്നാണ് ഹംഗറി പറയുന്നത്.
സെര്‍ബിയയില്‍ നിന്ന് ഹംഗറിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളെ തടയുമെന്ന് പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ അറിയിച്ചു. സെര്‍ബിയ സുരക്ഷിത രാജ്യമാണെന്നും അവിടെ തന്നെ തുടരണമെന്നും അഭയാര്‍ഥികളോട് ഹംഗേറിയന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിന്‍റെ ഭാഗമായി സെര്‍ബിയയുമായുള്ള അതിര്‍ത്തിയും ഹംഗറി അടച്ചു.
അതേസമയം, അഭയാര്‍ഥി പ്രവാഹത്തില്‍ ജര്‍മ്മനിയും ഓസ്ട്രേലിയയും കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ദിവസവും ആയിരക്കണക്കിനാളുകള്‍ എത്തിച്ചേരുന്നതിനാല്‍ അതിര്‍ത്തികളില്‍ കര്‍ശന സുരക്ഷയാണ് ജര്‍മ്മനി ഒരുക്കിയിരിക്കുന്നത്. ഷെൻഗൻ കരാർ അനുസരിച്ചുളള പരിശോധനകള്‍ നടത്തിയശേഷം മാത്രമാണ് അഭയാർത്ഥികളെ ജര്‍മ്മനി സ്വീകരിക്കുന്നത്. പരിശോധനകൾക്കായി അതിർത്തിയിൽ 2100 പൊലീസുകാരെയാണ് ജര്‍മ്മനി നിയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെ വോളന്റിയർമാരെയും രംഗത്ത് ഇറക്കിയിട്ടുണ്ട്.
ബവേറിയൻ അതിർത്തിയിൽ എല്ലാ ട്രെയിനുകളും ജർമൻ അധികൃതർ തടയുകയും പരിശേധന നടത്തുകയും ചെയ്യുന്നുണ്ട്. മതിയായ രേഖകളില്ലാതെ എത്തുന്നവരെ രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കേണ്ട എന്ന നിലപാടില്‍ തന്നെയാണ് ജര്‍മ്മനി. യൂറോപ്പിലേക്ക് എത്തുന്ന ഭൂരിഭാഗം അഭയാർത്ഥികളും ജര്‍മ്മനിയിലേക്ക് എത്തുന്നതിനോട് ജര്‍മ്മന്‍ സര്‍ക്കാരിനും എതിര്‍പ്പുണ്ട്. മുഴുവന്‍ ഭാരവും തങ്ങള്‍ ചുമക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഇതിൽ പങ്കാളികളാകണമെന്നും ജർമനി ഓർമിപ്പിക്കുന്നു.