ലെസ്ബോസ്|
jibin|
Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (15:57 IST)
യുദ്ധ മേഖലയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് ശക്തമായതോടെ ഹംഗറി തങ്ങളുടെ നിലപാട് കൂടുതല്‍ കടുപ്പിക്കുന്നു.
ആഗോള സമ്മര്‍ദ്ദത്തെ വകവെക്കാതെ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഹംഗറി. കുരുമുളക് സ്പ്രേ അടക്കമുള്ളവ ഉപയോഗിച്ചാണ് പൊലീസ് ഇവരെ നേരിടുന്നത്. ഇതേത്തുടര്‍ന്ന് പലയിടത്തും അഭയാര്‍ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ജര്‍മനിയെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെയും ലക്ഷ്യമിട്ട് പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ എത്തിച്ചേരുന്ന ഇടത്താവളമാണ് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ്. ഇവിടുത്തേക്ക് ലക്ഷ്യമിട്ട് നീങ്ങുന്നവരെ സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ എത്തുമ്പോള്‍ തന്നെ പൊലീസ് തടയുകയാണ്. കല്ലെറിയുകയും ആക്രമിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നവര്‍ക്ക് നേരെ കുരുമുളക് സ്പ്രേ അടക്കമുള്ളവ ഉപയോഗിച്ചാണ് പൊലീസ് പിടിച്ചു നില്‍ക്കുന്നത്.
ബുഡാപെസ്റ്റ് റെയില്‍വെ സ്റ്റേഷന്‍ വഴിയാണ് അഭയാര്‍ഥികള്‍ മറ്റു രാജ്യങ്ങളിലേക്ക് കടക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഉടനീളം 20,000 ലേറെ അഭയാര്‍ഥികള്‍ ആണ് ഹംഗറി വഴി ആസ്ട്രിയയിലേക്കും ജര്‍മനിയിലേക്കും കടന്നത്. ഹംഗറിക്കൊപ്പം ചെക്ക് റിപ്പബ്ളിക്, റൊമാനിയ,സ്ളോവാക്യ,ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ അഭയാര്‍ഥികള്‍ക്കു നേരെ ഇപ്പോഴും മുഖം തിരിഞ്ഞു നില്‍ക്കുകയാണ്.
അതേസമയം, ലെസ്ബോസ് ദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന 25000ത്തോളം പേരെ രക്ഷപ്പെടുത്താനായി ഗ്രീക്ക് ഭരണകൂടവും യു.എന്‍ അഭയാര്‍ഥി ഏജന്‍സിയും ചേര്‍ന്ന് കപ്പലുകളും കൂടുതല്‍ ജീവനക്കാരെയും അയച്ചു. ഏതന്‍സില്‍ എത്തുന്ന അഭയാര്‍ഥികള്‍ക്കുള്ള ഇടത്താവളമായി ഒഴിഞ്ഞു കിടക്കുന്ന ഫുട്ബോള്‍ മൈതാനം ഗ്രീക്ക് ഒരുക്കിക്കൊടുത്തു.