ഖത്തർ എയർവേയ്സ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 പേർക്കു പരിക്ക്

മനില| VISHNU N L| Last Updated: തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (13:12 IST)
ദോഹയിൽ നിന്ന് ഫിലിപ്പീൻസിലെ മനിലയിലേക്കു പോയ ഖത്തർ എയർവേയ്സ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 പേർക്കു പരുക്ക്. ക്യൂആർ 932 എന്ന നമ്പരിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇപ്പോഴാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നുമാത്രം.
പരുക്കേറ്റവർക്കെല്ലാം വൈദ്യപരിശോധന നൽകി. മൂന്നു യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മനിലയിലെ നിനോ അക്വിനോ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാൻ 30 മിനിറ്റ് ശേഷിക്കെയാണ് സംഭവം.

സീറ്റ് ബെൽറ്റുകൾ ധരിച്ച യാത്രക്കാർക്ക് പരുക്കില്ല. മൂന്നു കുട്ടികളും രണ്ട് ജീവനക്കാരും ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റു. വിമാനം ഇതേതുടര്‍ന്ന്
അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.

അന്തരീക്ഷത്തിലുള്ള വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴി (എയർപോക്കറ്റ് അല്ലെങ്കിൽ എയർഗട്ടർ) അഥവാ ക്ലിയർ എയർ ടർബുലൻസ്. നേർരേഖയിൽ പോകേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്ന ഈ അവസ്ഥയിൽ വിമാനങ്ങളുടെ ഗതിയും നിയന്ത്രണവും നഷ്ടമാകാൻ സാധ്യതയുണ്ട്.

ഇതു മേഘങ്ങളുമായി ബന്ധപ്പെടാത്തതിനാൽ കാഴ്ചയിലോ റഡാറിലോ അനുഭവപ്പെടില്ല. മേഘങ്ങളില്ലാത്ത സമയത്തും ഈ പ്രതിഭാസമുണ്ടാകാം. സാധാരണയായി 20000 മുതൽ 40000 അടി ഉയരത്തിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ആകാശച്ചുഴിയെക്കുറിച്ചു മുന്നറിയിപ്പു നൽകാനുള്ള സമയം പോലും പൈലറ്റുമാർക്ക് ലഭിക്കാറില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :