നികോസിയ|
aparna shaji|
Last Modified വെള്ളി, 1 ഏപ്രില്‍ 2016 (11:11 IST)
മുൻ ഭാര്യയെ കാണാൻ ഈജിപ്ത് എയർ വിമാനം റാഞ്ചിയ സെയ്ഫ് എൽദിൻ മുസ്തഫ അപകടകാരിയെന്ന് മുൻ ഭാര്യയുടെ വെളിപ്പെടുത്തൽ. ഇയാൾ അത്യന്തം അപകടകാരിയെന്നും മയക്ക് മരുന്നിന് അടിമയാണെന്നും സൈപ്രസ്സുകാരിയായ മറീന പാരസ്ച്യൂ
അറിയിച്ചു.
ഭാര്യയെ കാണാനാണ് വിമാനം റാഞ്ചിയതെന്ന മുസ്തഫയുടെ വാദം വ്യാജമാണെന്നും തന്നോടുള്ള സ്നേഹം കൊണ്ടല്ല അവർ വിമാനം റാഞ്ചിയതെന്നും മുൻ ഭാര്യ സൈപ്രസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. ഇയാൾ അങ്ങേയറ്റം അപകടകാരിയായിരുന്നെന്നും തന്നേയും കുട്ടികളേയും ഉപദ്രവിക്കുമായിരുന്നെന്നും ഇവർ അഭിമുഖത്തിൽ അറിയിച്ചു.
അഞ്ചു വർഷത്തെ ദാമ്പത്യമായിരുന്നു തങ്ങളുടേതെന്നും ഈ കാലങ്ങളിൽ വേദനകൾ മാത്രമായിരുന്നു മുസ്തഫ തങ്ങൾക്ക് നൽകിയതെന്നും ഇവർ മാധ്യമത്തോട് പറഞ്ഞു. വിവാഹമോചിതരായതിനു ശേഷം ഒരിക്കൽ മാത്രമേ അവരെ വിളിച്ചിട്ടുള്ളൂ, അതും മകളുടെ മരണ വാർത്ത അറിയിക്കാനായി. എന്നാൽ അതിനു താൻ എന്തു ചെയ്യണമെന്നായിരുന്നു അയാളുടെ അപ്പോഴത്തെ മറുപടിയെന്നും സൈപ്രസുകാരി അറിയിച്ചു.
അതേസമയം, പാസ്പോർട്ട് കേസിലും ഭാര്യയെ പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ സൈപ്രസിൽ കേസുകൾ ഉണ്ടായിരുന്നെന്ന് സൈപ്രസ് പൊലീസ് അറിയിച്ചു. മുസ്തഫ കുറ്റവാളിപ്പട്ടികയില്‍പ്പെട്ടയാളാണെന്നും 2015 മാര്‍ച്ചിലാണ് ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതനായതെന്നും ഈജിപ്ത് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പറഞ്ഞു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം