കെയ്റോ|
VISHNU N L|
Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (11:31 IST)
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ എന്ന് തെറ്റിദ്ധരിച്ച് വിനോദ സഞ്ചാരികളെ ഈജിപ്‌ഷ്യന്‍ സൈന്യം വെടിവച്ച് കൊലപ്പെടുത്തി. അൽ വഹാത്ത് പ്രദേശത്തെ മരുഭൂമിയിലൂടെ നാലു കാറുകളിലായി യാത്ര ചെയ്തിരുന്ന മെക്സിക്കൻ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരേയാണ് വെടിവച്ച് കൊന്നത്. കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം ഈജിപ്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
12 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് ഇപ്പോഴത്തെ വിവരം. ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരുടെ പ്രധാന ഒളിത്താവളമാണ് ഈ പ്രദേശം. സാധാരണ വളരെ അപൂർവമായിട്ടേ ഇവിടെ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാറുള്ളൂ. ഇതാണ് സൈന്യത്തിന് തെറ്റിധാരണയുണ്ടാകാന്‍ കാരണം.
സൈനികര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടക്കുന്ന സ്ഥലമായതിനാല്‍ ഈ ഭാഗത്ത് ഈജിപ്‌ഷ്യന്‍ സൈന്യം നിരീക്ഷണം കര്‍ശനമാക്കിയിരുന്നു. ഭീകരർ എന്നു തെറ്റിദ്ധരിച്ചാണ് ഇവരെ വെടിവച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇവരെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നു സംബന്ധിച്ചുള്ള വിവരവും മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.