പെഷവാർ|
jibin|
Last Updated:
തിങ്കള്‍, 2 മെയ് 2016 (18:04 IST)
അല്‍ക്വയ്‌ദ തലവന്‍ ഒസാമ ബിൻലാദനെ വധിക്കാന്‍ അമേരിക്കയെ സഹായിച്ച പാകിസ്ഥാനി ഡോക്‌ടർ ഷക്കീൽ അഫ്രീദി പാക് ജയിലില്‍ നരകിക്കുന്നതായി റിപ്പോര്‍ട്ട്. സെൻട്രൽ ഇൻവെസ്‌റ്റിഗേഷൻ ഏജൻസി (സിഐഎ) ലാദനെ വധിച്ചെങ്കിലും അന്ന് അഫ്രീദിക്ക് നല്‍കിയ ഉറപ്പൊന്നും പിന്നീട് പാലിക്കപ്പെടാതെ പോയതാണ് അദ്ദേഹത്തിന് വിനയായത്.
രാജ്യദ്രാഹ കുറ്റം ചുമത്തിയാണ് അഫ്രീദിയെ പാകിസ്ഥാന്‍ 23 വർഷം തടവു ശിക്ഷയ്‌ക്ക് വിധിച്ചിരിക്കുന്നത്. ലാദന്‍ പാകിസ്ഥാനില്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ വിദേശരാജ്യത്തെ സഹായിച്ചു. സ്വന്തം രാജ്യത്തിന് അപമാനമുണ്ടാക്കുന്ന തരത്തില്‍ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചൂ എന്നീ കുറ്റങ്ങളാണ് അഫ്രീദിക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്.
അതീവ സുരക്ഷയുള്ള പാകിസ്ഥാനിലെ ജയിലിലെ ഒറ്റമുറിയില്‍ ഏകാന്ത തടവ് അനുഭവിക്കുകയാണ് സീനിയർ സർജനായ
അഫ്രീദിയിപ്പോള്‍. വർഷത്തിൽ ആറു തവണയിൽ കൂടുതൽ അദ്ദേഹത്തിന് കുടുംബാംഗങ്ങളെ കാണാൻ അനുവാദമില്ല. അഭിഭാഷകനുമായി ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ ശിക്ഷയില്‍ അപ്പീല്‍ നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഇതിനെല്ലാം പിന്നില്‍ പാക് സര്‍ക്കാരും ഭീകരസംഘടനകളുമായി അടുപ്പമുള്ളവരും ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ലാദന്‍ ഒളിച്ചു താമസിച്ചിരുന്ന അബോട്ടാബാദിൽ നിന്നും ജനിതക സാമ്പിളുകൾ ശേഖരിക്കാനും പ്രദേശത്തെ വീടുകളില്‍ ചികിത്സയ്‌ക്ക് എന്ന പേരില്‍ പരിശോധന നടത്താനും അഫ്രീദിക്ക് നിര്‍ദേശം നല്‍കിയത്
സിഐഎ ആയിരുന്നു. വ്യാജ ഹെപ്പറ്റൈറ്റിസ് സി വാക്‌സിനേഷൻ പ്രോഗ്രാം നടത്തുകയും ലാദനാണ് ഇവിടെ ഉള്ളതെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തത് അഫ്രീദിയുടെ ഇടപെടല്‍ മൂലമായിരുന്നു.
തുടർന്ന് 2011 മെയ് 2ന് അമേരിക്കന്‍ നേവി സീൽസിന്റെ സംഘം അബോട്ടാബാദിൽ എത്തുകയും പാകിസ്ഥാൻ മിലിട്ടറി ക്യാമ്പിൽ നിന്നും കഷ്‌ടിച്ച് ഒരു കിലോമീറ്റർ മാത്രം അകലെ നടന്ന നാടകീയമായ തിരച്ചിലിനൊടുവിൽ ലാദനെ അവർ കണ്ടെത്തുകയും വധിക്കുകയുമായിരുന്നു. സംഭവത്തില്‍ പാകിസ്ഥാന്‍ നടത്തിയ അന്വേഷണത്തിലാണ് അഫീദി പിടിയിലാകുന്നതും ശിക്ഷിക്കപ്പെടുന്നതും.