നേപ്പാള്‍ ഇനി മതനിരപേക്ഷ, ബഹുവംശീയ പരമാധികാര രാഷ്ട്രം

കാഠ്മണ്ഡു| VISHNU N L| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (10:55 IST)
നീണ്ടകാലത്തെ കാത്തിരിപ്പിനും സമരങ്ങള്‍ക്കും സംഘര്‍ഷക്കുമൊടുവില്‍ നേപ്പാളില്‍ നിലവില്‍ വന്നു. പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ജനാധിപത്യ- മതനിരപേക്ഷ- ബഹുവംശീയരാഷ്ട്രമായിരിക്കും ഇനി നേപ്പാള്‍. പാര്‍ലമെന്റ് അംഗങ്ങളെ സാക്ഷിനിര്‍ത്തി പ്രസിഡന്റ് രാംഭരണ്‍ യാദവ് ഭരണഘടനയില്‍ ഒപ്പിട്ടതോടെ ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്നു.

വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞയാഴ്ച ഭരണഘടന പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു. അധികാരങ്ങള്‍ പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമാവും. രാജ്യത്ത് മൊത്തം അധികാരമുള്ള ഫെഡറല്‍ കേന്ദ്രസര്‍ക്കാറും സംസ്ഥാനങ്ങളില്‍ ഭരണനിര്‍വഹണത്തിനായി സംസ്ഥാന സര്‍ക്കാറുകളുമുണ്ടാകും. പാര്‍ലമെന്റിന് രണ്ടു സഭകളും ഭരണഘടന നിര്‍ദേശിക്കുന്നു.

നേപ്പാളില്‍ ഇനി എട്ട് ഫെഡറല്‍സംസ്ഥാനങ്ങള്‍ ഉണ്ടാവും. ഇവയുടെ അതിര്‍ത്തികള്‍ നിശ്ചയിക്കലടക്കമുള്ള തുടര്‍നടപടികള്‍ക്കായി പ്രത്യേക കമ്മിഷനെ നിയമിക്കും. ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് നേപ്പാളില്‍ നേരത്തെ സമരങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത് നിരാകരിച്ചാണ് ഭരണഘടന നിലവില്‍ വന്നിരിക്കുന്നത്. ഹിന്ദുഭൂരിപക്ഷരാജ്യമായ നേപ്പാള്‍ രാജഭരണകാലത്ത് ഹിന്ദുരാഷ്ട്രമായിരുന്നു.

പുതിയ ഭരണഘടന രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. തെരുവുകളില്‍ ജനം പടക്കംപൊട്ടിച്ചും മധുരം നല്‍കിയും ആഘോഷിച്ചു. അതേസമയം പുതിയ ഭരണഘടനയ്‌ക്കെതിരെ ഞായറാഴ്ചയും പലയിടത്തും പ്രതിഷേധസമരങ്ങള്‍ അക്രമാസക്തമായി. ദക്ഷിണനേപ്പാളില്‍ പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തില്‍ ഇതുവരെ നേപ്പാളില്‍ നാല്പതിലധികം പേരാണ് മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :