രേണുക വേണു|
Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (17:05 IST)
അമേരിക്കയില്‍ ഭര്‍ത്താവിന്റെ ക്രൂര പീഡനത്തിന് ഇരയാകുന്നതായി ഇന്ത്യന്‍ യുവതിയുടെ പരാതി. വിവാഹശേഷം അമേരിക്കയിലെത്തിയ ബിഹാര്‍ പാറ്റ്‌ന സ്വദേശിനിയാണ് ഭര്‍ത്താവിനെതിരെ രംഗത്തെത്തിയത്. സ്ത്രീധനവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തന്നെ പീഡിപ്പിക്കുന്നതെന്ന് യുവതി ആരോപിച്ചു.
മാര്‍ച്ചിലാണ് യുവതി അമേരിക്കയിലെത്തിയത്. ഫ്രെഡി മാക് എന്ന കമ്പനിയില്‍ പ്രാക്ടിക്കില്‍ ട്രെയ്‌നിയായാണ് യുവതിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വരെ പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും യുവതി പറയുന്നു.
'ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു. യാതൊരു സാമ്പത്തിക പിന്തുണയും എനിക്കില്ല. എവിടേക്ക് പോകണമെന്ന് എനിക്കറിയില്ല. ഇന്ത്യയിലുള്ള എന്റെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെ അച്ഛനോട് സംസാരിച്ചു. എന്നാല്‍, എന്നെ സ്വീകരിക്കണമെങ്കില്‍ സ്ത്രീധനം നല്‍കണമെന്നാണ് അയാള്‍ ആവശ്യപ്പെടുന്നത്,' യുവതിയുടെ പരാതിയില്‍ പറയുന്നു. ലോക്കല്‍ ഫെയര്‍ഫാക്‌സ് കൗണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്റെ ജീവനു ഭീഷണിയുണ്ടെന്നും ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് പൊലീസാണ് തന്നെ രക്ഷിച്ചതെന്നും യുവതി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
'മാര്‍ച്ച് ഒന്നിനാണ് ഭര്‍ത്താവിനൊപ്പം ഞാന്‍ അമേരിക്കയിലെത്തിയത്. വിര്‍ജീനിയയിലാണ് താമസം. അമേരിക്കയില്‍ എത്തി കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ സ്വഭാവം മാറി. ഞാന്‍ കുറേ ഗാര്‍ഹിക പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. സ്ത്രീധനം കിട്ടണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ടോയ്‌ലറ്റിലോ കുളിക്കാനോ പോകുമ്പോള്‍ ബാത്ത്‌റൂമിന്റെ വാതില്‍ തുറന്നിടണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഞാന്‍ വാഷ്‌റൂമില്‍ പോകുന്നത് ഗര്‍ഭധാരണം തടയാനുള്ള എന്തോ ചെയ്യാനാണെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടാണ് വാഷ്‌റൂം തുറന്നിടാന്‍ പറയുന്നത്. വാഷ്‌റൂം ഉപയോഗിക്കുമ്പോള്‍ ശബ്ദമൊന്നും പുറത്ത് കേള്‍ക്കുന്നില്ലെന്നും അവിടെ എന്തോ രഹസ്യമായി ഞാന്‍ ചെയ്യുകയാണെന്നുമാണ് ഭര്‍ത്താവ് പറയുന്നത്. വാതില്‍ തുറന്നിട്ട് മാത്രം ബാത്ത്‌റൂം ഉപയോഗിച്ചാല്‍ മതിയെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്,' യുവതി പറഞ്ഞു.
'പലതവണ അയാള്‍ എന്റെ യോനി പരിശോധിച്ചിട്ടുണ്ട്. ഞാന്‍ ഗര്‍ഭധാരണം തടയാന്‍ എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നാണ് അദ്ദേഹത്തിന്റെ സംശയം. ചിലപ്പോള്‍ ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് അടിച്ച് നോക്കും. കൈയുറ ധരിച്ച് പരിശോധിക്കും. വളരെ ക്രൂരമായാണ് പെരുമാറുന്നത്. ലൈംഗികബന്ധത്തിനു ശേഷം എന്നെ വഴക്ക് പറയും. ഞാന്‍ എന്തോ ഉപയോഗിച്ച് ഗര്‍ഭധാരണം തടയുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പുറത്ത് പോകാന്‍ എന്നെ അനുവദിക്കില്ല. ഫോണ്‍ ഉപയോഗിക്കാനും അനുമതി നല്‍കില്ല. ചിലപ്പോള്‍ അദ്ദേഹം ബാത്ത്‌റൂമില്‍ പോകുമ്പോള്‍ വരെ എന്നെ കൊണ്ടുപോകും. ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല. നടുറോഡില്‍ മുട്ടുകുത്തി നിന്ന് മാപ്പ് പറയണമെന്ന് എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. പീഡനങ്ങള്‍ പുറത്തുപറഞ്ഞാല്‍ കൂടുതല്‍ ദുരന്തങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നാണ് ഭീഷണി,' യുവതി പരാതിയില്‍ വ്യക്തമാക്കി. എന്നാല്‍, ഈ ആരോപണങ്ങളെയെല്ലാം യുവാവ് നിഷേധിക്കുകയാണ്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഭാര്യ ഉന്നയിക്കുന്നതെന്ന് ഇയാള്‍ പ്രതികരിച്ചു.