തുമ്പി എബ്രഹാം|
Last Updated:
ശനി, 19 ഒക്‌ടോബര്‍ 2019 (08:47 IST)
പ്രവാസി മലയാളി നഴ്സ് ദമ്പതികളുടെ രണ്ടു മക്കൾ ഖത്തറിൽ മരിച്ചു. ഏഴ് മാസം പ്രായമുള്ള രിദ, മൂന്നര വയസ്സുള്ള രിദു എന്നീ കുട്ടികളാണ് ഹമദ് ആശുപത്രിയിൽ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് സംശയമുണ്ട്. കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്‍റെയും നാദാപുരം കുമ്മങ്കോട് സ്വദേശി ഷമീമയുടയും മക്കളാണ് ഇവർ. ഭക്ഷ്യവിഷബാധ സംശയിച്ചിരുന്നെങ്കിലും കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേ അടിച്ചതാണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെയോടെ ഛർദിയും ശ്വാസതടസവും മൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുടുംബം വ്യാഴാഴ്ച രാത്രി റസ്റ്റോറന്‍റിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങി വീട്ടിലെത്തിച്ച് കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അധികൃതർ എത്തി റസ്റ്റോറന്‍റ് പൂട്ടിച്ചു.
ഷമീമയും ഹാരിസും ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഹാരിസ് അബൂനഖ്ല പബ്ലിക് ഹെൽത്ത് സെന്‍ററിൽ നഴ്സാണ്. ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്‍ററിൽ നഴ്സായി ജോലി ചെയ്യുന്നു.