രേണുക വേണു|
Last Updated:
ബുധന്‍, 19 ജൂണ്‍ 2024 (16:22 IST)
കുവൈത്തിലെ മംഗെഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍. തുക അതത് എംബസികള്‍ വഴി വിതരണം ചെയ്യും. പ്രാദേശിക അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിഷേല്‍ അല്‍ അഹമ്മദ് സംഭവ ദിവസം തന്നെ ഉത്തരവിട്ടിരുന്നു.
കുവൈറ്റിലെ എന്‍.ടി.ബി.സി തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ അടക്കം 50 പേരാണ് മരിച്ചത്. അമ്പതിലേറെ പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ദുരന്തത്തില്‍ ഏഴ് തമിഴ്നാട് സ്വദേശികളും മരിച്ചു.
തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ കുടുംബത്തിന് എന്‍.ടി.ബി.സി കമ്പനി എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നും കമ്പനി അറിയിച്ചു. തൊഴിലാളികളുടെ ഇന്‍ഷ്വറന്‍സ് തുക, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം ഉടനെ തന്നെ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.