ന്യുയോര്‍ക്ക്|
vishnu|
Last Updated:
ബുധന്‍, 14 ജനുവരി 2015 (09:19 IST)
ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ പദ്ധതിയായ മംഗള്‍യാനെ ചരിത്രത്തിന്‍റെ ഭാഗമാക്കി മാറ്റിയ ഐഎസ്ആര്‍ഒ ഗവേഷക സംഘത്തിനു അമേരിക്കയുടെ ശാസ്ത്ര പുരസ്ക്കാരം. നാഷണല്‍ സ്പേസ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ സ്പേസ് പയനീര്‍ പുരസ്കാരത്തിനാണ് മംഗള്‍യാന്‍ ടീം അര്‍ഹമായിരിക്കുന്നത്.
ആദ്യശ്രമത്തില്‍ തന്നെ ചൊവ്വാദൗത്യം വിജയിപ്പിച്ചതിന്റെ അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയത്. ഈ വര്‍ഷം മെയ് 20 മുതല്‍ 24 വരെ കാനഡയില്‍ നടക്കാനിരിക്കുന്ന ആനുവല്‍ ഇന്റര്‍നാഷ്‌ണല്‍ സ്‌പേസ് ഡവലപ്പ്‌മെന്റ് കോണ്‍ഫറന്‍സില്‍ വച്ച് ഐഎസ്‌ആര്‍ഒ പ്രതിനിധിക്ക് അവാര്‍ഡ് സമ്മാനിക്കും.
ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വ പര്യവേക്ഷണ ദൗത്യം വിജയത്തിലെത്തിച്ചുവെന്ന അപൂര്‍വ്വ നേട്ടമാണ് ഐഎസ്ആര്‍ഒയെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയതെന്ന്
നാസ വ്യക്‌തമാക്കി. ചൊവ്വയുടെ ഫുള്‍ ഡിസ്‌ക്ക് കളര്‍ ഇമേജറി പകര്‍ത്താന്‍ കഴിയുന്ന ക്യാമറയാണ് മംഗള്‍യാനില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തി അയയ്‌ക്കുന്നത്. ഇത് ചൊവ്വ പര്യവേക്ഷണത്തില്‍ ഏറെ പ്രയോജനം ചെയ്യുമെന്നും നാസ പറഞ്ഞു.
ശ്രീഹരിക്കോട്ടയില്‍ നിന്നും 2013 നവംബര്‍ അഞ്ചിനാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. 300 ദിവസം കൊണ്ട് 680 ദശലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിട്ട് 2014 സെപ്റ്റംബര്‍ 24 ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയപഥത്തില്‍ എത്തി. ഇതോടെ കുറഞ്ഞ ചെലവില്‍ പ്രഥമ ചൊവ്വാദൗത്യം വിജയത്തിലാക്കുന്ന ഏക രാജ്യമെന്ന ഖ്യാതി ഇന്ത്യ നേടുകയും ചെയ്തു.