മിയാമി|
vishnu|
Last Modified വ്യാഴം, 8 ജനുവരി 2015 (08:48 IST)
സൗരയൂഥത്തിന് പുറത്ത് ജീവസാന്നിധ്യത്തിന് സാധ്യതയുള്ള ഗ്രഹങ്ങളെ കണ്ടെത്താന്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സി നാസ വിക്ഷേപിച്ച കെപ്ലര്‍' ബഹിരാകാശ ദൂരദര്‍ശിനി ഇതേവരെയായി കണ്ടെത്തിയ ഭൂമികളുടെ എണ്ണം ആയിരം കടന്നു. ജീവന് സാധ്യതയുള്ള ഭൂമിക്ക് സമാനമായ എട്ട് ഗ്രഹങ്ങള്‍കൂടി കെപ്ലര്‍ കണ്ടെത്തിയതോടെയാണ് സൗരയൂഥത്തിന് വെളിയില്‍കെപ്ലര്‍ കണ്ട ഭൂമിയേപ്പോലെയുള്ള ഗ്രഹങ്ങളുടെ എണ്ണം ആയിരമായത്.
പുതുതായി കണ്ടെത്തിയ എട്ട് ഗ്രഹങ്ങളില്‍ രണ്ടെണ്ണം ഭൂമിയോട് ഏറ്റവുമധികം സാദൃശ്യമുള്ളതാണ്. ഇതുവരെ കണ്ടെത്തിയവയില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന അന്യഗ്രഹങ്ങളാണിവയെന്ന് കെപ്ലര്‍ സയന്‍സ് ഓഫീസ് ഗവേഷകന്‍ ഫെര്‍ഗല്‍ മുല്ലാലി അഭിപ്രായപ്പെട്ടു. ഭൂമിയില്‍നിന്ന് 470 പ്രകാശവര്‍ഷം അകലെയുള്ള കെപ്ലര്‍ 438 ബി, ആയിരം പ്രകാശവര്‍ഷം അകലെയുള്ള 442 ബി എന്നിവയാണ് ഭൂമിയേപ്പോലെതന്നെയുള്ള ഗ്രഹങ്ങളായി ഗവേഷകര്‍ പറയുന്നത്.
കടുത്ത ചൂടോ തണുപ്പോ ഇല്ലാത്തവിധം മാതൃനക്ഷത്രത്തില്‍നിന്ന് നിശ്ചിത അകലത്തില്‍ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളാണിവ എന്നാണ് ഗ്വേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങളില്‍ ജലവും ജീവനും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ഭൂമിയേക്കാള്‍ 12 ശതമാനം അധികം വ്യാസമുള്ള ഗ്രഹമാണ് 438 ബി. ഗ്രഹത്തില്‍ പാറക്കൂട്ടങ്ങളുണ്ടാവാന്‍ 70 ശതമാനം സാധ്യതയുണ്ട്. 442 ബി ക്ക് ഭൂമിയേക്കാള്‍ മൂന്നിലൊന്ന് വലിപ്പം കൂടുതലുണ്ട്. ഇവിടെ പാറകളുണ്ടാവാനുള്ള സാധ്യത അഞ്ചിലൊന്നാണ്.
കെപ്ലര്‍ 438 ബിയ്ക്കാണ് സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഗ്രഹങ്ങളില്‍ ഭൂമിയോട് ഏറ്റവും സാദൃശ്യമുള്ളത്. ഇതുവരെ കെപ്ലര്‍ 186 എഫിനാണ് ഭൂമിയോടുള്ള സാദൃശ്യത്തിന്റെ അവകാശം ഉണ്ടായിരുന്നത്. ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെ ചുറ്റുന്ന കെപ്ലര്‍ 438 ബിയില്‍ ഭൂമിയേക്കാള്‍ 40 ശതമാനം മാത്രമെ ചൂട് കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളു എന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. അമേരിക്കാ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി യോഗത്തിലാണ് കണ്ടുപിടിത്തം പ്രഖ്യാപിക്കപ്പെട്ടത്. ഇത്തരം ഗ്രഹാന്തര്‍ അന്വേഷണങ്ങള്‍ക്കായി 2009-ലാണ് കെപ്ലര്‍ വിക്ഷേപിച്ചത്.