1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Israel- Iran- US war updates

ഇസ്രായേലിനെതിരെ ഹൂത്തികളും യുദ്ധരംഗത്ത്, യുദ്ധം വ്യാപിക്കുന്നു, ചർച്ചാ ശ്രമങ്ങളുമായി പാകിസ്ഥാൻ

സമാധാന ചര്‍ച്ചകള്‍ തുടരുന്നതായി പറയുമ്പോഴും അമേരിക്ക മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. കര വഴിയുള്ള ആക്രമണങ്ങള്‍ക്കും അമേരിക്ക തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.

Israel- Iran war
പശ്ചിമേഷ്യയില്‍ തുടരുന്ന ഇറാന്‍- ഇസ്രായേല്‍- അമേരിക്ക സംഘര്‍ഷം വ്യാപിക്കുന്നു. യെമനിലെ ഹൂത്തികള്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി മിസൈലുകള്‍ തൊടുത്തതോടെയാണ് യുദ്ധമുഖം വ്യാപിക്കുന്നതായുള്ള ആശങ്കകള്‍ ശക്തമായിരിക്കുന്നത്.
 
ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനില്‍ നടത്തിയ വ്യോമാക്രമണങ്ങളോടെയാണ് യുദ്ധത്തിന് തുടക്കമായത്. ഇതിന് മറുപടിയായി ഇറാന്‍ ഇസ്രയേലിനും ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ആരംഭിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുതിച്ചുയരുകയും വ്യാപാര പ്രതിസന്ധി ഉടലെടുക്കയും ചെയ്തിരുന്നു. ഇതിനിടെ ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടതാണ് സംഘര്‍ഷം വഷളാക്കിയത്. 
 
ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് പിന്നാലെ യുഎസ് ബേസുകളുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ഊര്‍ജകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ഇറാന്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് യമനിലെ ഇറാന്‍ അനുകൂല ഹൂത്തി വിഭാഗം യുദ്ധത്തില്‍ നേരിട്ട് ഇടപ്പെട്ടിരിക്കുന്നത്. ഹൂത്തികള്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ ചെങ്കടല്‍ മേഖലയിലെ സമുദ്രഗതാഗതവും ഭീഷണിയിലായിരിക്കുകയാണ്.
 
അതേസമയം സമാധാന ചര്‍ച്ചകള്‍ തുടരുന്നതായി പറയുമ്പോഴും അമേരിക്ക മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. കര വഴിയുള്ള ആക്രമണങ്ങള്‍ക്കും അമേരിക്ക തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ വീണ്ടും ഇറാനിലെ ഊര്‍ജകേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചതോടെ സൗദിയിലെ അമേരിക്കന്‍ എയര്‍ ബേസില്‍ ഇറാന്‍ അക്രമണം അഴിച്ചുവിട്ടിരുന്നു.
 
ഇസ്രയേല്‍ ഇറാനിലെ സൈനികവും അടിസ്ഥാന സൗകര്യങ്ങളുമായ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം തുടരുമ്പോള്‍, ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെയും അമേരിക്കന്‍ താല്‍പര്യങ്ങളിലെയും കേന്ദ്രങ്ങളെയുമാണ് ലക്ഷ്യമിടുന്നത്. 
 
പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്ന രാജ്യങ്ങള്‍ തമ്മില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.അതേസമയം, ഇറാനും അമേരിക്കയും പരസ്പരം ശക്തമായ മുന്നറിയിപ്പുകള്‍ തുടരുന്നതിനാല്‍ സംഘര്‍ഷം അടുത്ത ദിവസങ്ങളില്‍ കൂടുതല്‍  രൂക്ഷമാകാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അമേരിക്ക തയ്യാറെടുക്കുന്നത് കരയുദ്ധത്തിനോ?, 3,500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ