ഗാസയ്ക്ക് മേലുള്ള അക്രമണം തുടർന്നാൽ കണ്ട് നിൽക്കില്ല, മുന്നറിയിപ്പ് നൽകി ഇറാൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (18:45 IST)
ഗാസയ്ക്ക്‌മേലുള്ള ആക്രമണം തുടര്‍ന്നാല്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഗാസയിലെ സാധാരണക്കാര്‍ക്ക് മുകളില്‍ ഇസ്രായേലിന്റെ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന സൂചനയാണ് ഇറാന്‍ നല്‍കിയിരിക്കുന്നത്. അതേസമയം ഇസ്രായേല്‍ പരിധി ലംഘിക്കുന്നതായി കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ഇസ്രായേലിലെ നയതന്ത്രപരമായ ശേഷി ഉപയോഗിച്ച് ചൈന പ്രതിരോധിക്കണമെന്ന അഭ്യര്‍ഥനയുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു.

നേരത്തെ ഇസ്രായേല്‍ പിടിച്ചെടുക്കുന്നത് അബദ്ധമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടിരുന്നു. നിരപരാധികള്‍ കൊല്ലപ്പെടുന്നതിനാല്‍ ഇസ്രായേലിന്റെ മുകളില്‍ വലിയ സമ്മര്‍ദ്ദമാണ് അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നത്. ഈ സാഹചര്യത്തില്‍ ഇസ്രായേല്‍ തങ്ങളുടെ കരവഴിയുള്ള യുദ്ധം വൈകിപ്പിച്ചിരുന്നു. ഇസ്രായേലിന് മുകളില്‍ മറ്റൊരു ആക്രമണം ഉണ്ടാവുകയോ ഹമാസ് ബന്ധികളാക്കിയ ഇസ്രായേല്‍കാരുടെ ജീവന്‍ നഷ്ടമാവുകയോ ചെയ്താല്‍ ജനപിന്തുണയില്‍ കുറവുണ്ടാകുമോ എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭയപ്പെടുന്നുണ്ട്. ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചുലക്ഷത്തോളം പേരാണ് ഗാസയില്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :