ഹോര്‍മുസ് കടലിടുക്ക്: ഒമാനുമായുള്ള കരാര്‍ അന്തിമ ഘട്ടത്തിലാണെന്ന് ഇറാന്‍
ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായുള്ള കരാര്‍ അന്തിമ ഘട്ടത്തിലാണെന്ന് ഇറാന്‍. വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായീല്‍ ബഖായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഒമാനുമായുള്ള ഒരു കരാര്‍ കടലിടുക്കിലൂടെ സുരക്ഷിതമായ നാവിഗേഷന്‍ ഉറപ്പുനല്‍കില്ലെന്ന് ബഖായ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ തുറമുഖങ്ങളെ യുഎസ് ഉപരോധിക്കുന്നത് സുരക്ഷയെ ഇപ്പോഴും ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയില്‍ യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനുശേഷം ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗം സാധാരണയായി കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ടെഹ്റാന്‍ വലിയതോതില്‍ തടഞ്ഞിരുന്നു. അതേസമയം അമേരിക്ക പുതിയ ആക്രമണങ്ങള്‍ നടത്തിയാല്‍ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാന്‍. ജൂലൈ 28 ന് ഇറാന്റെ ഊര്‍ജ്ജ ശൃംഖലയും അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി സൗദി, തുര്‍ക്കി, ഖത്തര്‍ വിദേശകാര്യ മന്ത്രിമാരുമായും പാകിസ്ഥാന്‍ സൈനിക മേധാവിയുമായും സംസാരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഇറാനെതിരായ ഏതൊരു ആക്രമണവും ഗള്‍ഫിലുടനീളമുള്ള യുഎസ് ആസ്തികള്‍ക്കും ഊര്‍ജ്ജ സൗകര്യങ്ങള്‍ക്കും എതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യെമന്‍ തീരത്ത് ചെങ്കടലില്‍ ഇന്ത്യന്‍ പതാകയേന്തിയ വാണിജ്യ കപ്പല്‍ അജ്ഞാത പ്രൊജക്റ്റൈലിന്റെ ആക്രമണത്തെ തുടര്‍ന്ന് മുങ്ങിയതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചു.