സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2026 (12:59 IST)
ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍. യുദ്ധം യൂറോപ്പിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയാണിത്. സൈപ്രസിലെ
ബ്രിട്ടീഷ് വ്യോമതാവളത്തിലേക്കാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ പ്രതിരോധിച്ചെന്നും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുന്‍പ് തകര്‍ത്തെന്നും ബ്രിട്ടന്‍ അറിയിച്ചു.
അതേസമയം അമേരിക്കയുമായി ചേര്‍ന്ന് ഇറാനെ ആക്രമിക്കുന്ന ഇസ്രായേലിനെതിരെ ഭീകര സംഘടനയായ ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തി. അയല്‍രാജ്യമായ ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ നിന്നാണ് ഇസ്രായേല്‍ സൈന്യത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. അതേസമയം, ഹിസ്ബുള്ളയുടെ ആക്രമണം 'നിരുത്തരവാദപരവും സംശയാസ്പദവു'മാണെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാസ് സലാം പ്രതികരിച്ചു.
ഹിസ്ബുള്ളയുടെ നടപടിക്കെതിരെ ഇസ്രായേല്‍ ഇന്ന് രാവിലെ ശക്തമായി തിരിച്ചടിച്ചു. ഒരു വര്‍ഷത്തിലേറെയായി ഹിസ്ബുള്ള ഇസ്രായേലിനെ ആക്രമിച്ചിട്ടില്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള അറിയിച്ചു. അതേസമയം ലെബനനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ സമീപത്തെ 50 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു.