പുതുവത്സരദിനത്തിൽ ഹോങ്കോങിൽ പ്രതിഷേധിച്ചത് 10 ലക്ഷം പേർ
ചൈനയുടെ നിയന്ത്രണങ്ങൾക്കെതിരായി പുതുവത്സരദിനത്തിൽ ഹോങ്കോങിൽ പ്രതിഷേധവുമായി 10 ലക്ഷത്തിലേറെ ആളുകൾ. ചൈനയുടെ ആധിപത്യത്തിനെതിരായി ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന പ്രക്ഷോഭകർ പുതുവത്സരദിനത്തിൽ സംഘടിപ്പിച്ച റാലി പക്ഷേ പോലീസും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. ഇതോടെ ഹോങ്കോങ് പ്രക്ഷോഭം ഈ വർഷവും സജീവമായി തുടരുമെന്ന് വ്യക്തമായി.
അധികൃതരുടെ അനുമതിയോടെ നടത്തിയ റാലി കഴിഞ്ഞ 7 മാസമായി നടത്തിവരുന്ന പ്രതിഷേധപ്രകടനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു. പക്ഷേ സമാധാനപരമായി തുടങ്ങിയ റാലി ഏതാനും മണിക്കൂറിനുള്ളിൽ പ്രക്ഷോഭകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു.
