അനിരുദ്ധ് വസന്ത്|
Last Modified വ്യാഴം, 19 ഡിസംബര്‍ 2019 (15:52 IST)
മലയാള സിനിമയുടെ ഗതിതന്നെ മാറ്റിവിടുകയാണ് മമ്മൂട്ടിച്ചിത്രം മാമാങ്കം. നാലുഭാഷകളില്‍, 45 രാജ്യങ്ങളില്‍ 2000 സ്ക്രീനുകളിലാണ് മാമാങ്കം പ്രദര്‍ശനത്തിനെത്തിയത്. നാലുദിവസം കൊണ്ട് 60 കോടിക്കുമേല്‍ കളക്ഷന്‍ നേടിയ സിനിമ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറുകയാണ്.
അതിനിടെ ചിത്രം ചൈനയിലും പ്രദര്‍ശനത്തിനെത്തുന്നു. ഹോങ്കോങ് അടിസ്ഥാനമായുള്ള ഒരു വിതരണക്കമ്പനി റെക്കോര്‍ഡ് തുകയ്ക്കാണ് മാമാങ്കത്തിന്‍റെ ചൈനയിലെ വിതരണാവകാശം നേടിയെടുത്തത്. മറ്റ് രാജ്യങ്ങളില്‍ നേടുന്ന വമ്പന്‍ പ്രദര്‍ശനവിജയം കണ്ടപ്പോഴാണ് ഈ ഹോങ്കോങ് കമ്പനി ഇത്രയും മോഹിപ്പിക്കുന്ന തുകയ്ക്ക് സിനിമ വാങ്ങാനുള്ള ഓഫര്‍ മുമ്പോട്ടുവച്ചത്.
ചൈനയില്‍ ആയിരക്കണക്കിന് തിയേറ്ററുകളില്‍ മാമാങ്കം റിലീസ് ചെയ്യുമെന്നാണ് സൂചന. പല ഭാഷകളില്‍ റിലീസ് ചെയ്തതാണ് ഇത്രയും വലിയ ബിസിനസ് ഈ സിനിമയ്ക്ക് ലഭിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, മാമാങ്കത്തിന്‍റെ മഹാവിജയത്തോടെ കൂടുതല്‍ വമ്പന്‍ സിനിമകളാണ് മലയാളത്തിലെ സംവിധായകര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. പല പ്രൊജക്ടിന്‍റെയും ചെലവ് 100 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.