ലണ്ടണ്‍|
VISHNU.NL|
Last Modified ചൊവ്വ, 13 മെയ് 2014 (16:58 IST)
വിമാന ഇന്ധനത്തെക്കുറിച്ച് മറന്നേക്കുക. ചെലവുകുറഞ്ഞ വിമാനയാത്രകള്‍ എല്ലാ മലയാളികളുടെയും സ്വപ്നവുമാണ്. അതിനെന്താണൊരു വഴി എന്നു ചോദിച്ചാല്‍ ഏതു മലയാളിയും കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയാന്‍ തുടങ്ങും. അങ്ങനെ പറയാന്‍ വരട്ടെ.
എന്തെന്നാല്‍ വിമാനത്തിന്റെ ഇന്ധനമാണല്ലൊ യാത്രാ ചെലവ് കൂട്ടുന്നത്. ഇന്ധനം വേണ്ടാത്ത വിമാനമാണെങ്കിലൊ? എന്തൂട്ട് വിമാനമാണിഷ്ടാ എന്ന് ചോദിക്കേണ്ട. കാര്യമങ്ങ് പറഞ്ഞേക്കാം. സംഗതി അല്‍പ്പം സാങ്കേതികമാണ്. വിമാനത്തിനെ ഇന്ധനമായി ഒന്നു ഉപയോഗിക്കുന്നില്ല എന്നു പറഞ്ഞാല്‍ അത് തെറ്റുമാണ്.
വൈദ്യുതി ഇന്ധനമായി സ്വീകരിച്ചുള്ള വിമാനത്തേക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കാര്‍,ബൈക്ക്,ബസ് എന്നുവേണ്ട സകല വാഹനങ്ങളും കരണ്ടടിച്ച് പയുന്ന കാലത്തില്‍ എന്തുകൊണ്ട് വിമാനവും വൈദ്യുതി ഉപയോഗിച്ച് പറത്തിക്കൂട എന്നു ചിന്തിച്ചാല്‍ കുറ്റം പറയാനൊക്കുമോ?
സംഭവമെന്തായാലും ജോറായി നടക്കുന്നുണ്ടെന്നാണ് ശാസ്ത്രലോകത്തുനിന്നുള്ള വാര്‍ത്തകള്‍. ഫ്രഞ്ച് വിമാനക്കമ്പനിയായ എയര്‍ബസ് ഏതായാലും ആശയത്തിന് ചിറകുകള്‍ നല്‍കി പറപ്പിച്ചു കാണിച്ചപ്പോള്‍ മൂക്കത്ത് പലരും വിരല്‍ വച്ചെന്ന് ചില ദോഷൈദൃക്കുകള്‍ പറയുന്നു.
വ്യോമയാന ഗതാഗത രംഗത്ത് ചരിത്രം തിരുത്തിക്കുറിക്കുമെന്നു കരുതുന്ന പരീക്ഷണ വിമാനം വിജയകരമായി മാനത്ത് പറന്നു നടന്നു. വെറും ഒന്നൊ രണ്ടൊ മിനിട്ടുകളല്ല. നാലുമണിക്കൂര്‍! വിമാനം ഇനി കൂടുതല്‍ നന്നാകാനുണ്ടെന്നുള്ളത് സത്യം തന്നെ.
എന്തായാലും ഈ അവതാരം ഭാവിയില്‍ വിമാനയാത്രയുടെ ചെലവ് മൂന്നിലൊന്നായി കുറയ്ക്കാന്‍ കഴിയുമെന്നു കരുതുന്നു. അതായത് ഒരു മണിക്കൂര്‍ പറക്കാന്‍ ചെലവ് 16 ഡോളര്‍ മാത്രമാണെന്ന് കമ്പനി പറയുന്നു. സാധാരണ ഇന്ധനം ഉപയോഗിക്കുമ്പോള്‍ 55 ഡോളര്‍ ചെലവാകും.
തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ബോര്‍ഡോയ്ക്കടുത്തുള്ള വിമാനത്താവളത്തിലാണ് എയര്‍ ബസ് തങ്ങളുടെ വിമാനത്തിന്റെ പരീക്ഷണം നടത്തിയത്. പരിസ്ഥിതി സൗഹൃദം, ശബ്ദരഹിതം ആണ് ഇ-ഫാന്‍. മൂക്കു തൊട്ട് വാലു വരെ 19 അടിയാണ് വിമാനത്തിന്റെ നീളം.
ഒരു ഹെയര്‍ഡ്രയറിനേക്കാള്‍ അല്‍പം കൂടി മാത്രമേ ശബ്ദമുള്ളൂ. ആതായത് വിമാനം താഴെയിറങ്ങിയ ശേഷമേ നാട്ടുകാര്‍ കാര്യം അറിയൂ എന്നര്‍ഥം. 120 ലിഥിയം അയോണ്‍ ബാറ്ററികളാണ് ഊര്‍ജം പകരുന്നത്.
ഒരുതവണ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ നാലുമണിക്കൂര്‍ പറക്കും. ഇ ഫാനിന്റെ രണ്ടു വേര്‍ഷനുകള്‍ വലിയതോതില്‍ നിര്‍മിക്കാനും കമ്പനി പദ്ധതി തയാറാക്കിക്കഴിഞ്ഞു. എന്തായാലും നമ്മുടെ നാട്ടിലെ എണ്ണക്കമ്പനികള്‍ ഇതറിയേണ്ട. ഇനി ഭാവിയില്‍ എണ്ണ ആരും വാങ്ങിക്കില്ലെന്നു കരുതി വീണ്ടും വിലകൂട്ടിയാലോ?