ഭീഷണിയായി കൊറോണ വൈറസ്; ലോകമെങ്ങും പടരാൻ സാധ്യത; മുന്നറിയിപ്പ്

വൈറസ് ലോകമെങ്ങും പടരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 16 ജനുവരി 2020 (13:31 IST)
ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്നു പിടിച്ച ന്യുമോണിയയ്ക്ക്
കാരണമായത് പുതിയ ഇനം കൊറോണ വൈറസാണെന്ന് ലോകാരോഗ്യ സംഘടന. വൈറസ് ലോകമെങ്ങും പടരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ ലോകാരോഗ്യ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഹോങ്കോങ്, ചൈന എന്നിവിടങ്ങളില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ നിരീക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ചൈനയിലെ വുഹാനിലെ മത്സ്യമാര്‍ക്കറ്റിലെ ജീവനക്കാരനാണ് ആദ്യം കൊറോണ വൈറസ് ബാധയുണ്ടായത്. പിന്നീട് രോഗബാധിതരായവര്‍ മാര്‍ക്കറ്റിലെ സന്ദര്‍ശകരായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. മാര്‍ക്കറ്റില്‍ വില്‍പനയ്‌ക്കെത്തിച്ച മത്സ്യങ്ങളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് നിഗമനം.

പനിയും ശ്വാസതടസ്സവുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസ് നിലവില്‍ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടില്ല. മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :