അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന: എട്ടിടങ്ങളിൽ സൈനികർക്കായി ടെന്റ് നിർമ്മിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (20:14 IST)
അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന. യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് എട്ടിടങ്ങളിൽ സൈനികർക്കായുള്ള ടെന്‍റുകള്‍ നിർമ്മിച്ചു. കൂടുതൽ വ്യോമതാവളങ്ങൾ ഇവിടെ ഒരുക്കാൻ ചൈന പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.

ഗൽവാനിലെ ഇന്ത്യ-ചൈന സംഘർഷത്തിന് ഒന്നര വർഷത്തിന് ശേഷവും ഇന്ത്യ-ചൈന ബന്ധത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല എന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങൾ. അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിൽ കമാൻഡർതല ചർച്ചയിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെയാണ് എട്ടിടത്തെ ചൈനീസ് നിർമാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കൂടി പുറത്തുവന്നിരിക്കുന്നത്.

വഹാബ്സിൽഗ, ചാങ് ല, മൻസ, ചുരൂപ്, ഹോട്ട്സ്പ്രിംഗ് തുടങ്ങി ഇടങ്ങളിലാണ് ചൈനീസ് പട്ടാളത്തിനായുള്ള കൂടാരങ്ങളും മറ്റ് നിർമ്മാണങ്ങളും ദൃശ്യമാകുന്നത്. യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് ചെറു വ്യോമതാവളങ്ങളുടെയും ഹെലിപാഡുകളുടെയും നിർമ്മാണവും ചൈന തുടരുന്നു എന്നാണ് സൂചന. അടുത്തിടെ നടന്ന
ക്വാഡ് ഉച്ചകോടിയിലും യുഎന്നിലും ചൈനയ്ക്കെതിരായ പരോക്ഷ നിലപാട് നരേന്ദ്ര മോദി സ്വീകരിച്ച ശേഷമാണ് അതിർത്തിയിലെ ഈ പ്രകോപനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :