രേണുക വേണു|
Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (17:02 IST)
ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്ള താരങ്ങളുടെ മോശം ഫോമില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്ക് നിരാശ. ലോകകപ്പില്‍ ഇന്ത്യയുടെ മധ്യനിരയിലേക്ക് പരിഗണിക്കുന്ന മുംബൈ ഇന്ത്യന്‍സ് താരങ്ങളാണ് സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ ഫോംഔട്ടാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് തലവേദനയായിരിക്കുന്നത്. സൂര്യകുമാറും ഇഷാനും യുഎഇ സാഹചര്യങ്ങളില്‍ മോശം ഫോം തുടര്‍ന്നാല്‍ ഇരുവര്‍ക്കും പകരം മൂന്ന് താരങ്ങളെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പരുക്കില്‍ നിന്ന് മുക്തനായി വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ക്കാണ് മുഖ്യ പരിഗണന. യുഎഇയിലെ സാഹചര്യത്തോട് അതിവേഗം പൊരുത്തപ്പെടാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചതായാണ് വിലയിരുത്തല്‍. ഐപിഎല്ലിലെ നിലവിലെ ഫോം തുടര്‍ന്നാല്‍ ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിക്കും.
ടി 20 ഫോര്‍മാറ്റില്‍ അതിവേഗം റണ്‍സ് കണ്ടെത്താന്‍ കഴിവുള്ള മായങ്ക് അഗര്‍വാളും ഇന്ത്യന്‍ സെലക്ടര്‍മാരുടെ പരിഗണനയിലുണ്ട്. സ്പിന്‍ ബൗളിങ്ങിനെതിരെ നന്നായി കളിക്കാന്‍ മായങ്കിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. പഞ്ചാബ് കിങ്‌സിന്റെ ഓപ്പണര്‍ ആണെങ്കിലും ടി 20 ലോകകപ്പില്‍ മായങ്കിനെ മധ്യനിരയില്‍ കളിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്.
ഇഷാന്‍ കിഷന്‍ മോശം ഫോം തുടര്‍ന്നാല്‍ പിന്നീട് പ്രഥമ സാധ്യത രാജസ്ഥാന്‍ നായകനും മലയാളി താരവുമായ സഞ്ജു സാംസണാണ്. സെക്കന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന
നിലയിലാകും സഞ്ജുവിനെ പരിഗണിക്കുക. യുഎഇയിലെ സ്പിന്‍ പിച്ചുകളില്‍ സഞ്ജുവിന് അതിവേഗം റണ്‍സ് കണ്ടെത്താനുള്ള കഴിവുമുണ്ട്.