ഏഴുകോടിയിലധികം യാത്രക്കാര്‍; ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി ദുബായ്ക്ക്

ദുബായ്| Sajith| Last Updated: ചൊവ്വ, 2 ഫെബ്രുവരി 2016 (12:18 IST)
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി ദുബായ്ക്ക്. 2015ല്‍ മാത്രം 78,014,838 യാത്രക്കാരാണ് ദുബായ് വഴി യാത്ര ചെയ്തതെന്ന് വിമാനത്താവള കമ്പനി തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണം 70,473,893 ആയിരുന്നു. ഈ വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 10.7 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

ദുബായിയുടെ പ്രധാന എതിരാളികളായ ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ കഴിഞ്ഞവര്‍ഷം അന്താരാഷ്ട്ര യാത്രികരുടെ എണ്ണം 6.98 കോടി ആയിരുന്നു. ആഭ്യന്തര യാത്രക്കാരടക്കം അവിടുത്തെ മൊത്തം യാത്രക്കാര്‍ 7.49 കോടിയാണ്. ദുബായ് വിമാനത്താവളം ടെര്‍മിനല്‍ ഒന്നിന്റെ
കോണ്‍കോഴ്സ്-ഡി ഈ വര്‍ഷം ആദ്യപാദത്തിലാണ് തുറക്കുന്നത്. ഇതോടെ യാത്രക്കരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ദുബായ് എയര്‍പോര്‍ട്സ് സി ഇ ഒ പോള്‍ ഗ്രിഫിത്സ് പറഞ്ഞു.

ഇന്ത്യയിലേക്കായിരുന്നു 2015ല്‍ ദുബായില്‍ നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍. 10,391,376 പേരോളം യാത്രക്കാരാണ് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ 17 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. സൗദിയിലേക്ക് 5,466,358 പേരും ഇംഗ്ളണ്ടിലേക്ക് 5,682,307 പേരും യാത്ര ചെയ്തു. മുന്‍വര്‍ഷത്തെക്കാള്‍ യഥാക്രമം ആറ്, 12 ശതമാനം വര്‍ധനയാണ് ഇത് രേഖപ്പെടുത്തിയത്.

വിമാനത്താവളങ്ങളുടെ കണക്കെടുത്താല്‍ ദോഹയിലേക്കായിരുന്നു ഏറ്റവും കൂടുതല്‍ യാത്രക്കാര്‍.
2,782,600 പേരാണ് ദോഹയിലേക്ക് യത്രചെയ്തത്. ലണ്ടനിലേക്ക് 2,659,602 പേരും മുംബൈയിലേക്ക് 2,214,221പേരുമാണ് യാത്ര ചെയ്തത്. യഥാക്രമം 18, ഒന്ന്, 14 ശതമാനം വര്‍ധനയാണ് ഇത് വ്യക്തമാക്കുന്നത്.

വടക്കേഅമേരിക്കയിലേക്കുള്ള അധിക സര്‍വീസുകളും എമിറേറ്റ്സ് സര്‍വീസുകളുടെ വ്യാപനവും യാത്രക്കാരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധന ഉണ്ടാകാന്‍ കാരണമായി. ജി സി സി രാജ്യങ്ങളിലേക്ക് 15 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് 12 ശതമാനവും വര്‍ധനയുണ്ടായിട്ടുണ്ട്. ആഗസ്റ്റിലും ഡിസംബറിലും 70 ലക്ഷത്തിലധികം പേര്‍ ദുബായ് വഴി യാത്ര ചെയ്തതായാണ് കണക്കുകള്‍. ചരക്കുകടത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.4 ശതമാനം വര്‍ധനയുണ്ട്. 2,506,092 ടണ്‍ ചരക്കാണ് ദുബായ് വഴി കടന്നുപോയത്.

കഴിഞ്ഞ വര്‍ഷം കൊളോണില്‍ നിന്ന് യൂറോവിങ്സും ടൊറന്റൊയില്‍ നിന്ന് എയര്‍ കനഡയും വുഹാനില്‍ നിന്ന് ചൈന സതേണും ദുബായിലേക്ക് പുതിയ സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. 12 പുതിയ വിമാനത്താവളങ്ങളിലേക്കും 2015ല്‍ ദുബായില്‍ നിന്ന് സര്‍വീസ് തുടങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :