ത്രീഡി പ്രിന്റിംഗിലൂടെ രക്തക്കുഴല്‍ നിര്‍മ്മിച്ചു...! പക്ഷേ മേയ്‌ഡ് ഇന്‍ ചൈനയാണെന്നു മാത്രം...

ബെയ്ജിങ്| VISHNU N L| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (20:26 IST)
ത്രിഡി പിന്ററിനെ കുറിച്ച് നമ്മള്‍ നിരവധി കേട്ടിട്ടുണ്ട്. വസ്തുക്കളും എന്തിനേറെ ഭക്ഷണം പോലും ഇത്തരത്തില്‍ പ്രിന്റ് ചെയ്തെടുത്ത വാര്‍ത്തകള്‍ നമ്മള്‍ നിരവധി കേട്ടുകഴിഞ്ഞു. എന്നാല്‍ മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭഗമായ രക്തക്കുഴലുകള്‍ പ്രിന്റ് ചെയ്തെടുത്താലോ? ഞെട്ടരുത് സംഗതി സംഭവിച്ചുകഴിഞ്ഞു. ചൈനയിലെ സിചുവാന്‍ റിവോടെക് എന്ന കമ്പനിയാണ് രക്തക്കുഴല്‍ ത്രിഡി പിന്റിംഗിലൂടെ നിര്‍മ്മിച്ചിരിക്കുന്നത്.

രക്തക്കുഴലുകള്‍ പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ
ത്രീഡി പ്രിന്റര്‍ റിവോടെക് വികസിപ്പിച്ചു. ഇവരുടെ പ്രിന്റര്‍ ഉപയോഗിച്ചാല്‍ വെറും രണ്ട് മിനിറ്റുകൊണ്ട് പത്തുസെന്റീമീറ്ററര്‍ നീളമുള്ള രക്തക്കുഴല്‍ പ്രിന്റ് ചെയ്യാന്‍ സാധിക്കും. മിക്ക ശരീരാവയവങ്ങളും കൃത്രിമമായി ലഭ്യമായ ഇക്കാലത്ത് കൃത്രിമരക്തക്കുഴല്‍ ശൃംഖല ലഭ്യമല്ലെന്നത് വലിയ പ്രതിസന്ധിയാണ്. ത്രീഡി പ്രിന്ററിലൂടെ
രക്തക്കുഴലുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നതോടെ ഈ പ്രതിസന്ധി ഇല്ലാതാകുമെന്ന് പ്രിന്റര്‍ സംരംഭത്തിന്റെ തലവന്‍ ജെയിംസ് കാങ് ചൂണ്ടിക്കാട്ടി.

വിത്തുകോശാധിഷ്ഠിത ബയോ ഇങ്ക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പ്രിന്റര്‍ പ്രവര്‍ത്തിക്കുന്നത്. വിത്തുകോശങ്ങളും അവയ്ക്ക് വളരാനാവശ്യമായ പോഴകങ്ങളും അടങ്ങിയ അടങ്ങിയ 'ബയോബ്രിക്കുകള്‍' ആണ്
ഇതില്‍ പ്രധാനം. ഇവയെല്ലാം പ്രയോജനപ്പെടുത്തി പ്രിന്റര്‍ പല പാളികളായി കുഴല്‍രൂപത്തില്‍ കോശഘടനകള്‍ ഉണ്ടാക്കിയെടുക്കുന്നു. ഇവയ്ക്ക് വളരാനും ശരീരശാസ്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനുമാവും.

രക്തക്കുഴല്‍ നിര്‍മാണത്തിനായി റിവോടെക്, ബയോസിന്‍ സ്ഫിയര്‍ ( Bisoynsphere ) എന്ന പുതിയൊരു ബയോ ഇങ്ക് ഉണ്ടാക്കിയിട്ടുണ്ട്. കോശങ്ങള്‍ക്ക് വളരാനാവശ്യമായ ഘടകങ്ങള്‍ അടങ്ങുന്നതാണ് ഈ ബയോ ഇങ്ക്. ഏതായാലും പുതിയ കണ്ടുപിടുത്തം കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ ത്രീഡി പ്രിന്ററിലൂടെ ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് പ്രചോദനമാകും. പുതിയ മരുന്നുകളുടെ പരീക്ഷണത്തിനും ഈ കണ്ടുപിടിത്തം സഹായകമാവുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :