പട്ടേല്‍ പ്രതിമ, മേയ്ക്ക് ഇന്‍ ചൈനയായി...!

അഹമ്മദാബാദ്| VISHNU N L| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (16:41 IST)
ഉരുക്കുമനുഷ്യനായ പട്ടേലിന്റെ സ്മാരകം ഏകതയുടെ പ്രതിമ എന്ന പേരില്‍ ഗുജറാത്തില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കെ പട്ടേല്‍ എന്നും അവിശ്വസിച്ചിരുന്ന ചൈനയ്ക്ക് നിര്‍മ്മാണ ജോലിയുടെ ഉപകരാര്‍. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ കൂറ്റന്‍ പ്രതിമയുടെ പ്രധാന നിര്‍മാണ ജോലികളാണ് ചൈനയിലെ നാഞ്ചങ് പ്രവിശ്യയിലെ ജിയാങ്‌സി ടോക്വിന്‍ മെറ്റല്‍ ഹാന്‍ഡിക്രാഫ്റ്റ്‌സ് ലിമിറ്റഡിന് ലഭിച്ചിരിക്കുന്നത്.

പട്ടേല്‍ പ്രതിമയ്ക്ക് ഒരു കോണ്‍ക്രീറ്റ് കാമ്പും അതിനു പുറമേ ഉരുക്കു കവചവുമുണ്ട്. അതിനെ പൊതിയുന്ന വെങ്കലരൂപമാണ് പുറമേ കാണുക. ഇതാണ് ചൈനയിലെ വാര്‍പ്പുകേന്ദ്രത്തില്‍ നിര്‍മിക്കുന്നത്. 25,000 ഭാഗങ്ങളായി വാര്‍ത്തെടുത്ത ശേഷം ഗുജറാത്തിലേക്ക് കപ്പലില്‍ കൊണ്ടുവന്ന് കൂട്ടിയോജിപ്പിക്കും. ഇന്ത്യയില്‍ 4,500-ഓളം ലോഹവാര്‍പ്പ് കേന്ദ്രങ്ങളുണ്ടായിരിക്കെ പ്രതിമ നിര്‍മ്മാണത്തിന് കരാറെടുത്ത ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ പ്രധാന ജോലികള്‍ ചൈനീസ് കമ്പനിയ്ക്ക് നല്‍കിയത് ഇതിനകം വിവാദമായിരിക്കുകയാണ്.

ചൈനയോട് താത്പര്യമില്ലാതിരുന്ന പട്ടേലിന്റെ പ്രതിമ ചൈനക്കാര്‍ നിര്‍മിക്കുന്നത് നരേന്ദ്ര മോഡിയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് വിരുദ്ധമാണെന്ന് വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. ചൈനീസ് കമ്പനിക്ക് പണികള്‍ നല്‍കിയത് മോഡിയുടെ മേയ്ക്ക് ഇന്‍ മുദ്രാവാക്യത്തിന്റെ പൊള്ളത്തരമാണ് വെളിച്ചത്താക്കിയതെന്ന് സംസ്ഥാന കോണ്‍ഗ്രസ് വിമര്‍ശിച്ചു. അതേസമയം ഉപകരാര്‍ ആര്‍ക്കും നല്‍കാനുള്ള സ്വാതന്ത്ര്യം നിര്‍മാതാക്കള്‍ക്കുണ്ടെന്ന് സ്മാരകത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ രാഷ്ട്രീയ ഏകതാ ട്രസ്റ്റ് പ്രതികരിച്ചു.

182 അടിയില്‍ പത്ത് നില കെട്ടിടത്തിന്റെ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണ് ഇത്. നര്‍മദ ജില്ലയില്‍ സര്‍ദാര്‍ സരോവര്‍ ഡാമിനു സമീപം സാധു ദ്വീപില്‍ പ്രതിമ നിര്‍മിക്കാന്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് തീരുമാനിച്ചത്. ഐക്യത്തിന്റെ പ്രതിമയെന്ന ഈ സ്മാരകത്തിന് 3,000 കോടി രൂപയാണ് ചെലവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :