ദക്ഷിണ കൊറിയയില്‍ വന്‍ സൈബര്‍ ആക്രമണം. 32000 കമ്പ്യൂട്ടറുകള്‍ ആക്രമണത്തിനിരയായതായാണ് റിപ്പോര്‍ട്ട്. ചൈനീസ് ഐ പി അഡ്രസ് ഉപയോഗിച്ച് ഉത്തര കൊറിയയാണ് ആക്രമണം നടത്തിയതെന്ന് ദക്ഷിണ കൊറിയ ആരോപിക്കുന്നു. ബാങ്കുകളുടെയും ടി വി ചാനലുകളുടെയും ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ താറുമാറാക്കിയിട്ടുണ്ട്.
ആറ് പ്രമുഖ സ്ഥാപനങ്ങള്‍ സൈബര്‍ ആക്രമണത്തിനിരയായതായാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയയുടെ കമ്പ്യൂട്ടര്‍ ശൃംഖലകള്‍ തകര്‍ക്കാനായി ഉത്തര കൊറിയ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരെ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടത്തുകയാണെന്നാണ് ആരോപണം.
ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും ശത്രുതയ്ക്ക് പുതിയ മാനം നല്‍കുകയാണ് ഇപ്പോള്‍ നടന്നിരിക്കുന്ന സൈബര്‍ ആക്രമണം. ഇതിന് ദക്ഷിണ കൊറിയ തിരിച്ചടി നല്‍കുമോ എന്നാണ് രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നത്.