ദക്ഷിണകൊറിയന്‍ പോപ്പ് താരം പാര്‍ക്ക് ജെയ് സാങ് എന്ന സൈയുടെ ‘ഗങ്നം സ്റ്റൈല്‍‘ എന്ന കുതിര ഡാന്‍സ് യൂട്യൂബ് വഴി ലോകശ്രദ്ധനേടിയിരുന്നു. യൂട്യൂബില്‍ 100 കോടിയിലേറെ പേര്‍ കണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച ഗങ്നം സ്റ്റൈലിന് വെല്ലുവിളിയായി മറ്റൊരു വീഡിയോ രംഗപ്രവേശം ചെയ്തിരിക്കുന്നു. ‘ഹാര്‍ലേം ഷേക്ക്‘ എന്നാണ് ഇതിന്റെ പേര്.
ഡി ജെയും മ്യൂസിക് പ്രോഡ്യൂസറുമായ 23കാരന്‍ ബോഅര്‍ ആണ് ഇതിന്റെ സൃഷ്ടാവ്. കൈകാലുകള്‍ പ്രത്യേക രീതിയില്‍ ചലിപ്പിച്ചുള്ള ‘ഹാര്‍ലേം ഷേക്ക്‘ എന്ന ഡാന്‍സ് 1980കളില്‍ തന്നെ സ്വീകാര്യത നേടിയ ഒന്നാണ്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ഹാര്‍ലേം ഷേക്കിന്റെ ആദ്യ വീഡിയോ ക്ലിപ്പ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. 31 സെക്കന്റ് മാത്രമാണ് ഇതിന്റെ ദൈര്‍ഘ്യം. ഇതിന്റെ ചുവടുപിടിച്ച് ദിനംപ്രതി 4,000 ഹാര്‍ലേം ഷേക്ക് വീഡിയോകളാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത്. ഫെബ്രുവരി 15 വരെ 44,000 വീഡിയോകള്‍ അപ്ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു. 175 ദശലക്ഷത്തിലേറെ പേര്‍ ഇത് കണ്ടുകഴിഞ്ഞു എന്നാണ് കണക്ക്.
‘ഹാര്‍ലേം ഷേക്ക്‘ ഇനി ഗങ്നം സ്റ്റൈലിനെ നിഷ്പ്രഭമാക്കുമോ എന്നാണ് കണ്ടറിയേണ്ടത്.