ലിബിയയില്‍ ഭരണകൂടവും ജനങ്ങളും തമ്മിലടിക്കുന്നത് ലോകം ആശങ്കയോടെ നോക്കിക്കാണുകയാണ്. കലാപം അതിരൂക്ഷമായിട്ടും പ്രസിഡന്റ് ഗദ്ദാഫി അധികാരം വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ അമേരിക്കയുടെ വ്യോമ-നാവിക സേനകള്‍ ലിബിയയിലേക്ക് നീങ്ങിത്തുടങ്ങി. സ്വന്തം ജനതയെ കൂട്ടക്കുരുതി ചെയ്യുന്നത് ഗദ്ദാഫി അവസാനിപ്പിച്ചില്ലെങ്കില്‍ സൈനിക നടപടിയിലേക്ക് കടക്കുമെന്നാണ് പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ച വടക്കന്‍ ആഫ്രിക്കയിലേക്ക് പ്രവേശിച്ച അമേരിക്കയുടെ നാവികപ്പടയില്‍ കൂറ്റന്‍ പോര്വിമാനവാഹിനിയുമുണ്ട്. 700 നാവികരാണ് കപ്പലിലുള്ളത്. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനാണ് കപ്പലുകള്‍ പോയിരിക്കുന്നതെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ് പറഞ്ഞതായി എബിസി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ്എസ് എന്റര്‍പ്രൈസസ് എന്ന പടക്കപ്പലും ഉടന്‍ ലിബിയയിലേക്ക് പുറപ്പെടുമെന്നാണ് സൂചന. ഇപ്പോള്‍ ചെങ്കടലില്‍ നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പല്‍ മെഡിറ്ററേനിയയിലേക്ക് കടക്കാനുള്ള ഉത്തരവും കാത്ത് കഴിയുകയാണ്.
ലിബിയയ്ക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നാറ്റോ സഖ്യകക്ഷികളുമായി അമേരിക്ക ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ലിബിയയ്ക്കെതിരെ സൈനിക നീക്കത്തിന് മുതിരുമെന്ന് ബ്രിട്ടനും വ്യക്തമാക്കിക്കഴിഞ്ഞു. ലിബിയയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അംഗരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. സ്ഥിതിഗതികളെപ്പറ്റി ബാന്‍ കി മൂണ്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി ചര്‍ച്ച നടത്തി.
ലിബിയന്‍ വിഷയത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ വെനിസ്വേലയും മുന്നിട്ടിറങ്ങുമെന്നാണ് സൂചന. ചുരുക്കത്തില്‍ ലിബിയയിലെ പ്രക്ഷോഭം അവസാനിപ്പിക്കണം എന്ന് തന്നെയാണ് യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ആവശ്യപ്പെടുന്നത്. അതിനിടെ, ഭരണകൂടത്തിന് നിയന്ത്രണം നഷ്ടമായ കിഴക്കന്‍ ലിബിയ തിരികെപ്പിടിക്കാനുള്ള ഗദ്ദാഫി സൈന്യത്തിന്റെ നീക്കം പരാജയപ്പെട്ടു. പ്രക്ഷോഭകരാകട്ടെ തലസ്ഥാനനഗരമായ ട്രിപ്പോളിയിലേക്ക് മുന്നേറ്റം തുടരുകയാണ്.