മറഡോണയുടെ മുഖം നായ കടിച്ചുപറിച്ചു!

Diego Maradona
ബ്യൂണസ് അയേഴ്സ്| WEBDUNIA|
PRO
PRO
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മുഖം വളര്‍ത്തുനായ കടിച്ചുപറിച്ചു. ബ്യൂണസ് അയേഴ്സിലെ വീട്ടില്‍ വളര്‍ത്തുന്ന തന്റെ നായയെ ഓമനിക്കാന്‍ പോയതാണ് മാറഡോണയ്ക്ക് വിനയായത്. ലാളിക്കല്‍ കൂടിയപ്പോള്‍ ഒന്ന് ഉമ്മ വച്ചേക്കാമെന്ന് മാറഡോണ കരുതിയെത്രെ. മുഖം അടുപ്പിക്കേണ്ട താമസം കുസൃതിക്കാരനായ നായ മാറഡോണയുടെ മുഖം കടിച്ചുപറിച്ചു. ചുണ്ടിന്റെ ഭാഗത്താണ് നായ കടിച്ചത്.

മുഖത്തു കടിയേറ്റ മറഡോണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. കാമുകിയ്ക്കൊപ്പമാണ്‌ ആശുപത്രിയില്‍ എത്തിയത്‌. ലോസ്‌എര്‍‌കോസ് ആശുപത്രിയില്‍ ആയിരുന്നു ശസ്ത്രക്രിയ. പരിക്ക്‌ മുഖത്തായതുകൊണ്ട് പത്ത് സ്റ്റിച്ച് ഇടേണ്ടിവന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

നായ്കുട്ടിയുടെ കടിയേറ്റ താരത്തിന്റെ മുഖത്തു നിന്നും രക്തസ്രാവമുണ്ടായതായി മാറഡോണയുടെ വീട്ടുകാര്‍ പറഞ്ഞു. കടിയേറ്റപ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം അലറിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. മേല്‍‌വശത്തെ ചുണ്ട് പറിഞ്ഞുപോന്ന നിലയില്‍ ആയിരുന്നുവെത്രെ.

അര്‍ജന്റീനയുടെ ഫുട്‌ബോള്‍ കോച്ചാണ് നാല്‍‌പ്പത്തിയൊമ്പതുകാരനായ മാറഡോണ. 2010 ലോകകപ്പില്‍ അര്‍ജന്റീനയെ നയിക്കേണ്ട തനിക്ക്‌ ഇങ്ങനൊരു ആക്രമണം നേരിടേണ്ടി വരുമെന്ന്‌ താരം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

മുറിവ് ഉണങ്ങിക്കഴിഞ്ഞാലും പഴയ ഗ്ലാമര്‍ കിട്ടിയില്ലെങ്കില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാകാന്‍ മാറഡോണ തീരുമാനിച്ചതായി അറിയുന്നു. കോടിക്കണക്കിന് ആരാധകര്‍ ടിവിയിലൂടെ കാണാന്‍ പോകുന്ന 2010 ലോകകപ്പില്‍ പ്രത്യക്ഷപ്പെടാന്‍ അല്‍‌പസ്വല്‍‌പമൊന്നുമല്ലല്ലോ ഗ്ലാമര്‍ വേണ്ടത്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :