ഈ വര്‍ഷം ജൂണില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ബ്രസീല്‍ താരങ്ങള്‍ അണിയുന്നത് പുന:സംസ്കരിച്ച പ്ലാസ്റ്റിക് ബോട്ടില്‍ കൊണ്ട് നിര്‍മിച്ച ജഴ്സി. ബ്രസീലിന് പുറമെ അമേരിക്ക, ദക്ഷിണ കൊറിയ, ന്യൂസിലന്‍ഡ്, സെര്‍ബിയ ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളും ഇത്തരത്തില്‍ ബോട്ടിലുകള്‍ സംസ്കരിച്ചെടുത്ത പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ജഴ്സിയാവും അണിയുക.
പ്രമുഖ സ്പോര്‍ട്സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ നൈക്ക് ആണ് പൂര്‍ണമായും പരിസ്ഥിതി സൌഹൃദമായ ജഴ്സി നിര്‍മിക്കുന്നത്. 100 ശതമാനം സ്പണ്‍ പോളിസ്റ്ററായിരിക്കും ജഴ്സികള്‍. ഓരോ ജഴ്സിയുടെയും നിര്‍മാണത്തിന് എട്ട് പ്ലാസ്റ്റിക് ബോട്ടിലുകളാണ് ആവശ്യമായി വന്നത്.
വായുകടക്കാന്‍ പാകത്തില്‍ ഇരുന്നുറോളം ലേസര്‍ കട്ട് സുഷിരങ്ങളടങ്ങിയതാണ് ജഴ്സി. ഇതുവരെ പുറത്തിറക്കിയിട്ടുളളതില്‍ എറ്റവും ഭാരം കുറഞ്ഞ ജഴ്സികളായിരിക്കുമിതെന്ന് നൈക്ക് അവകാശപ്പെട്ടു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കാനായി 13 മില്യണ്‍ ബോട്ടിലുകളാണ് സംസ്കരിച്ചടുത്തതെന്ന് നൈക്ക് പറഞ്ഞു.