നീണ്ട ഇരുപത്തിയഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്താന്‍ ജിവി രാജ ടൂര്‍ണമെന്റ് തിരിച്ചെത്തുന്നു. ഇതിന് മുന്നോടിയായി, തിരുവനന്തപുരത്ത് മന്ത്രി എം വിജയകുമാറിന്റെ നേതൃത്വത്തില്‍ ടൂര്‍ണമെന്റിന്റെ സ്വാഗതസംഘം രൂപീകൃതമായി.
ഏറ്റവും അവസാനമായി ജിവി രാജ ടൂര്‍ണമെന്റ് അരങ്ങേറിയത് 1984-ലായിരുന്നു. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന അവസാന ടൂര്‍ണമെന്റില്‍ താല്‍കാലിക ഗ്യാലറി തകര്‍ന്നുവീണ് നാലുപേര്‍ മരണമടഞ്ഞതോടെ ടൂര്‍ണമെന്റിന്റെ തുടര്‍ന്നുള്ള നടത്തിപ്പ് പ്രതിസന്ധിയിലായി. കായിക മത്സരങ്ങളുടേയും കേളികളുടെയും തമ്പുരാനായിരുന്ന കേണല്‍ ഗോദവര്‍മ രാജയെ അനുസ്മരിച്ചാണ് ജിവി രാജ ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെട്ടിരുന്നത്
പൂഞ്ഞാറില്‍ ജനിച്ച് അനന്തപുരി വഴി കേരളത്തിലുടനീളം നിറഞ്ഞുനിന്ന ജിവി രാജയിലൂടെയാണ് കേരള കായികചരിത്രം തുടങ്ങുന്നത്. ടെന്നിസ്, ടേബിള്‍ ടെന്നിസ്, ഫുട്‌ബോള്‍, നീന്തല്‍, റൈഫിള്‍ ഷൂട്ടിങ്, ക്രിക്കറ്റ്, യോഗിക് കള്‍ചറല്‍, മൗണ്ടനിയറിങ് എന്നീ സംസ്‌ഥാന അസോസിയേഷനുകള്‍ സ്‌ഥാപിച്ചത് മാത്രമല്ല, കേരളാ സ്‌പോര്‍ട്‌സ് കണ്‍സിലിന്റെ സ്‌ഥാപകപ്രസിഡന്‍റും അദ്ദേഹമായിരുന്നു. പത്തു കൊല്ലംമുമ്പ്, 1971 ഏപ്രില്‍ 30ന് കുളുവിലെ മനാലി ചെരുവില്‍ ഫ്ലയിംഗ് ക്ലബ് വിമാനം പറത്തുന്നതിടെ ഉണ്ടായ അപകടത്തിലാണ് കേണല്‍ ഗോദവര്‍മ്മ രാജ പൊലിഞ്ഞത്.
തിരുവനന്തപുരം ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ജിവി രാജ ടൂര്‍ണമെന്റ് പുനസംഘടിപ്പിക്കപ്പെടുന്നത്. നാല്‍പതു ലക്ഷത്തോളം രൂപ ചിലവു വരുന്ന ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍മാരായി അഫ്രാസ് രംഗത്തുണ്ട്. കേരളത്തില്‍നിന്ന് 8 ടീമുകളും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് 8 ടീമുകളും ഉള്‍പ്പടെ 16 ടീമുകള്‍ മത്സരിക്കാനെത്തും. ആകെ 19 മല്‍സരങ്ങളാവും ഉണ്ടാവുക. മല്‍സരങ്ങളുടെ ഫിക്സ്ചര്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. പാസ് നല്‍കിയായിരിക്കും കാണികളെ പ്രവേശിപ്പിക്കുന്നത്.